ബെയ്ജിങ്: അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാൻ സുസജ്ജമെന്ന് ചൈന. അമേരിക്കയുടെ ‘ബ്ലാക്മെയിലിങ്ങി’നെതിരെ പോരാടുമെന്നും ചൈന വ്യക്തമാക്കി. ഇതോടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച പകരച്ചുങ്കം ലോകരാജ്യങ്ങൾ തമ്മിലുള്ള സമ്പൂർണ വ്യാപാരയുദ്ധമായി മാറുമെന്ന് ഏതാണ്ടുറപ്പായി. ചൈനക്കെതിരെ 50 ശതമാനം കൂടി തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പ്രയോഗത്തിൽ വന്നാൽ, ചൈനയിൽനിന്ന് യു.എസിലേക്കുള്ള സാധനങ്ങൾക്ക് 104 ശതമാനം നികുതിയാകും.
അമേരിക്ക വ്യാപാരയുദ്ധത്തിനാണ് തയാറെടുക്കുന്നതെങ്കിൽ തങ്ങൾ അവസാനം വരെ പോരാടാൻ ഒരുക്കമാണെന്ന് ചൈന വിദേശ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. അധിക താരിഫ് അമേരിക്കയുടെ ഭീഷണി സ്വഭാവമാണ് വ്യക്തമാക്കുന്നത്. അമേരിക്ക താരിഫ് വർധിപ്പിച്ചാൽ ചൈന സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്യും. വ്യാപാരയുദ്ധത്തിൽ വിജയികളുണ്ടാകില്ല. ചൈന ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാൽ, പ്രശ്നത്തിനെ ഭയക്കുകയുമില്ല. ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ ഞങ്ങളുമായി ഇടപഴകാൻ നോക്കരുത്. രണ്ടു രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താൽപര്യം പരിഗണിക്കാതെ അമേരിക്ക താരിഫ് യുദ്ധത്തിനിറങ്ങിയാൽ ചൈന അവസാനംവരെ രംഗത്തുണ്ടാകും. -ലിൻ കൂട്ടിച്ചേർത്തു. ഭീഷണിപ്പെടുത്തലിന് തങ്ങൾ വഴങ്ങുന്ന പ്രശ്നമില്ലെന്ന് ചൈന വ്യാപാര മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം, ലോക വിപണിയിലെ ഭീമന്മാരായ അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തിനിറങ്ങിയതോടെ വിവിധ രാജ്യങ്ങൾ പ്രതിരോധ നയങ്ങളുണ്ടാക്കാൻ ആലോചന തുടങ്ങി. പുതിയ സാഹചര്യം ചർച്ച ചെയ്യാൻ ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ കർമ സമിതി യോഗം വിളിച്ചു. മന്ത്രിക്ക് ചുമതലയും നൽകി. തിങ്കളാഴ്ച ഇഷിബ ട്രംപുമായി സംസാരിച്ചിരുന്നു. ജപ്പാന് അമേരിക്ക 24 ശതമാനം പകരച്ചുങ്കമാണ് ചുമത്തിയത്. തുടർകാര്യങ്ങളുടെ ചർച്ചക്കായി ജപ്പാൻ ഉന്നത സംഘത്തെ അമേരിക്കക്ക് അയക്കുന്നുണ്ട്. തങ്ങളുടെ പ്രതിനിധികളെ അമേരിക്കയിലേക്ക് അയക്കുന്നുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും വ്യക്തമാക്കി. കൂടുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളും സമാന നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
click on malayalam character to switch languages