1 GBP = 110.73
breaking news

പ്ലിമതിൽ മലയാളി യുവാവിനെതിരെ വംശീയാക്രമണം; ക്രൂരമായ ആക്രമണത്തിന് എൻഎച്ച്എസ് ജീവനക്കാരനായ യുവാവ് വിധേയനായത് ബസിനുള്ളിൽ വച്ച്

പ്ലിമതിൽ മലയാളി യുവാവിനെതിരെ വംശീയാക്രമണം; ക്രൂരമായ ആക്രമണത്തിന് എൻഎച്ച്എസ് ജീവനക്കാരനായ യുവാവ് വിധേയനായത് ബസിനുള്ളിൽ വച്ച്

പ്ലിമത്: പ്ലിമത്തിൽ മലയാളി യുവാവിനെതിരെ വംശീയാക്രമണം. പ്ലിമത്തിലാണ് ബസിൽ യാത്രചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം നടന്നത്. പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ മലയാളി യുവാവാണ് വംശീയ ആക്രമണത്തിന് ഇരയായത്.

തിങ്കളാഴ്ച്ച രാത്രി 8.30 നായിരുന്നു സംഭവം. രാത്രി 10 മുതൽ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിക്ക് കയറുവാൻ താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് യാത്രാദൂരത്തിലുള്ള ഹോസ്പിറ്റലിലേക്കുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. റോഡിൽ വച്ചുതന്നെ അക്രമി പുലമ്പിക്കൊണ്ട് സമീപിച്ചെങ്കിലും യുവാവ് അവഗണിച്ച് ഒഴിഞ്ഞുമാറി. എന്നാൽ ഇയാൾ യുവാവിനെ പിൻതുടർന്ന് ബസ്സിൽ കയറുകയായിരുന്നു.

ബസ്സിനുള്ളിലും ഇയാൾ പുലഭ്യങ്ങൾ പറഞ്ഞ് ഒരു കാരണവുമില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. ബസിലെ പലരോടും ഇയാൾ കയർത്ത് സംസാരിച്ചു. ബസിൽ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്തശേഷം മലയാളി യുവാവിനോട് ഉപയോഗിച്ചിരുന്ന ഫോണും, ഇയർപോഡും തരാൻ ആവശ്യപ്പെട്ടു. മലയാളി യുവാവ് ചെറുത്തപ്പോൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

സംഘർഷത്തിനിടെ അക്രമി യുവാവിന്റെ തല ബസിന്റെ ജനാലയോട് ചേർത്തുവച്ച് ചവിട്ടി. യുവാവിന്റെ മുഖത്തും ശരീരത്തിലും മർദ്ദിക്കുകയും ചെയ്‌തു. ബസ്സിനുള്ളിലെ മറ്റുള്ളവർ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

ക്രൂരമായ ആക്രമണത്തിൽ യുവാവിന് മുറിവേൽക്കുകയും ബസിന്റെ ഗ്ലാസ് വിൻഡോ തകരുകയും ചെയ്തു. അതിനിടെ ബസ് നിർത്തിയപ്പോൾ ഡോർ തുറന്ന് അക്രമി ഓടി രക്ഷപെട്ടു. ബസ് ജീവനക്കാർ പ്ലൈമൗത്ത്‌ പൊലീസിനെ ബന്ധപെടുകയും, പൊലീസെത്തി, ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

രാത്രി ഏറെ വൈകി അക്രമിയെ പിടികൂടിയതായി പൊലീസ് യുവാവിനെ അറിയിച്ചു. തദ്ദേശീയനും പ്രദേശവാസിയും സ്ഥിരം അക്രമികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാൻ പൊലീസിനെ സഹായിച്ചത്.

പരുക്കേറ്റ യുവാവ് ഇപ്പോഴും പ്ലൈമൗത്ത്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. തലയ്ക്ക് സിടി സ്കാൻ ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമായതായാണ് ലഭ്യമാകുന്ന വിവരം.

സംഘർഷത്തിൽ ബസിന് എകദേശം 4,000 പൗണ്ടിന്റെ നാശനഷ്ടം സംഭിച്ചതായുമാണ് പ്രാഥമിക നിഗമനം. യുവാവിന്റെ ഫോണിനും ഇയർപോടിനും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി ബസ് പൊലീസ് കസ്റ്റ്ഡിയിലാണ്. യുവാവിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു.

ആക്രമണത്തിന് ഇരയായ യുവാവ് ഏകദേശം ഒരുവർഷം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. സഹായവുമായി സുഹൃത്തുക്കളും പ്ലിമത്തിലെ മലയാളി സമൂഹവും ഒപ്പമുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്ലിമത്തിലെ ഇന്ത്യൻ സമൂഹം ഏറെ ആശങ്കയിലാണ്. അക്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ്‌ തദ്ദേശീയരും വിദേശീയരുമായ ഹോസ്പിറ്റൽ ജീവനക്കാർ രേഖപെടുത്തുന്നത്.

സമീപകാലത്ത് കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ആക്രമണ സംഭ വങ്ങളിൽ മലയാളികൾ ജാഗ്രത പുലർത്തണമെന്ന് പ്ലിമത്ത് മലയാളി കൾചറൽ കമ്യൂണിറ്റി (പിഎംസിസി) നിർദ്ദേശം നൽകി. അക്രമം ഉണ്ടായാൽ ഉടൻ തന്നെ 999, 111 നമ്പരുകളിൽ വിളിക്കണമെന്നും സംശയകരമായ സാഹചര്യത്തിൽ അക്രമികളെ കണ്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പിഎംസിസി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more