സ്വാൻസി: മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത എത്തിയിരിക്കുകയാണ്. യുകെയിലെ വെയിൽസിൽ കോട്ടയം സ്വദേശിയായ മലയാളി യുവാവ് നിര്യാതനായി എന്ന ദുഃഖകര വാർത്ത യുകെ മലയാളികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
വെയിൽസിലെ സ്വാൻസിയിൽ താമസിക്കുന്ന ബിജു ജോസ് (46) ആണ് അപ്രതീക്ഷിതമായി ഇന്നലെ മരണമടഞ്ഞത്.
ഇന്നലെ പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ ബിജു വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്നായിരുന്നു ഇത്. ഭാര്യ സ്മിത ഉടൻ തന്നെ സിപിആർ നൽകുകയും ആംബുലൻസ് വിളിക്കുകയും ചെയ്തതിനെ തുടർന്ന് പാരാമെഡിക്കൽ ടീം ഉടൻ തന്നെ സ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെളുപ്പിന് തന്നെ ബിജു ജോസിനെ മോറിസ്ടൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സാധ്യമായ ചികിത്സകൾ എല്ലാം നൽകിയെങ്കിലും സ്നേഹിച്ചവരുടെയെല്ലാം പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് ഇന്നലെ വൈകുന്നേരത്തോടെ ബിജുവിന്റെ മരണം സംഭവിക്കുകയായിരുന്നു.
സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ബിജുവിന്റെ ഭാര്യ സ്മിത ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെ നഴ്സ് ആയി ജോലി ചെയ്തു വരികയാണ്. മക്കൾ ജോയൽ ബിജു, ജൊവാൻ ബിജു, ജോഷ് ബിജു.
കേരളത്തിൽ കോട്ടയം മറ്റക്കര മണ്ണൂർ സെന്റ് ജോർജ്ജ് ക്നാനായ കാത്തലിക് ഇടവകയിൽ പതിക്കൽ കുടുംബാംഗം ആണ്. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കൾ. സ്വാൻസിയിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്ന ബിജുവിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞു നിരവധി മലയാളികൾ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയെങ്കിലും എല്ലാവരുടെയും പ്രാർത്ഥനയെ വിഫലമാക്കി ബിജു വിട പറയുകയായിരുന്നു.
ബിജു ജോസിന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…
click on malayalam character to switch languages