ഫ്ളോറിഡ: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്‍റെ ഡ്രാഗൺ ക്രൂ-9 പേടകം ഇറങ്ങിയത്.
ബുച്ച് വിൽമോറിനെ കൂടാതെ നാസയുടെ നിക് ഹേഗും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ അലക്സാണ്ടർ ഗോർബുനോവും സുനിതക്കൊപ്പം ഡ്രാഗൺ പേടകത്തിൽ സഹയാത്രികരായിരുന്നു. എട്ട് ദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒമ്പത് മാസത്തോളം (286 ദിവസം) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവന്നു സുനിത വില്യംസിനും ബുച്ച് വിൽമോറിനും. ഇതോടൊപ്പം ഏറ്റവും കൂടുതൽ സമയം സ്പേസ് വാക് നടത്തിയെന്ന നേട്ടവും സുനിതയും വിൽമോറും കൈവരിച്ചു.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിച്ചു. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലിൽ പതിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി കപ്പലിലേക്ക് മാറ്റി. തുടർന്ന് പേടകത്തിനുള്ളിൽ നിന്ന് ഓരോ യാത്രികരെയും പുറത്തെത്തിച്ച് ഹെലികോപ്റ്ററിൽ നാസ കേന്ദ്രത്തിലേക്ക് മാറ്റി.
ശനിയാഴ്ച പുലർച്ചെയാണ് പതിവ് ക്രൂ മാറ്റത്തിനായി നാല് ബഹിരാകാശ യാത്രികരുമായി സ്പേസ്എക്സ് ഡ്രാഗൺ ക്രൂ-10 പേടകം ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ ക്രൂ-10 പേടകത്തിലെ യാത്രികർ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു.
നാസയുടെ ആൻ മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ തകൂയ ഒനിഷി, റോസ്കോസ്മോസിന്റെ കിരിൽ പെസ്കോവ് എന്നിവരാണ് പുതിയ യാത്രികർ. തുടർന്ന് സുനിത അടക്കം നിലവിലെ സംഘം രണ്ട് ദിവസം ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങൾ പരിചയപ്പെടുത്തിയ ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.
2024 ജൂൺ അഞ്ചിനാണ് വിമാന നിർമാണക്കമ്പനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി സുനിതയും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്.
സുനിതയും ബുച്ച് വിൽമോറും എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങൾ.
പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലിൽ സ്പേസ് എക്സിനെ നാസ ദൗത്യം കൈമാറുകയായിരുന്നു. കൂടാതെ, തിരിച്ചുവരവ് നീണ്ടതിനാൽ സുനിതയെയും വിൽമോറിനെയും പതിവ് ക്രൂ മാറ്റത്തിന്റെ ഭാഗമാക്കാനും നാസ തീരുമാനിച്ചു.
click on malayalam character to switch languages