1 GBP = 112.38
breaking news

കാനഡയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ വനിതകൾ

കാനഡയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ വനിതകൾ

ഒട്ടാവ: കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകളും. ഇന്തോ-കനേഡിയൻ വംശജയായ അനിത ആനന്ദും ഡൽഹിയിൽ ജനിച്ച കമൽ ഖേരയുമാണ് പുതിയ മന്ത്രിമാർ.

അനിത ആനന്ദിന് നവീകരണം, ശാസ്ത്രം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയും കമൽ ഖേരക്ക് ആരോഗ്യ വകുപ്പിന്‍റെയും ചുമതലയാണ് നൽകിയിട്ടുള്ളത്. കനേഡിയൻ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് 36കാരിയായ കമൽ ഖേര. മുതിർന്ന പൗരന്മാരുടെ വകുപ്പിന്‍റെ മന്ത്രിയായും അന്താരാഷ്ട്ര വികസനം, ദേശീയ റവന്യൂ, ആരോഗ്യം എന്നീ മന്ത്രിമാരുടെ പാർലമെന്‍ററി സെക്രട്ടറിയായും കമൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസ കാലത്താണ് ഡൽഹിയിൽ ജനിച്ച കമലിന്‍റെ കുടുംബം കാനഡയിലേക്ക് കുടിയേറിയത്. ടൊറന്‍റോയിലെ യോർക് സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടിയ കമൽ, 2015ലാണ് ബ്രാംപ്ടൺ വെസ്റ്റിൽ നിന്ന് ആദ്യമായി പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നഴ്സ്, കമ്യൂണിറ്റി വാളന്‍റിയർ, രാഷ്ട്രീയം എന്നിവയാണ് കമലിന്‍റെ പ്രവർത്തന മേഖല.

നഴ്സ് എന്ന നിലയിൽ തന്‍റെ മുൻഗണന രോഗികളെ സഹായിക്കുക എന്നതാണെന്നും ആരോഗ്യ മന്ത്രി എന്ന നിലയിലും സമാന മാനസികാവസ്ഥയാണ് തനിക്കുള്ളതെന്നും പുതിയ പദവിയെ കുറിച്ച് കമൽ ഖേര എക്സിലൂടെ വ്യക്തമാക്കി. പ്രധാനന്ത്രി മാർക്ക് കാർണിയിൽ പൂർണ വിശ്വാസമുണ്ടെന്നും ജോലി തുടങ്ങാൻ സമയമായെന്നും കമൽ ചൂണ്ടിക്കാട്ടി.

നോവ സ്കോട്ടിയയിലെ ഗ്രാമത്തിൽ ജനിച്ചു വളർന്ന അനിത ആനന്ദ്, 1985ലാണ് ഒന്‍റാറിയോയിലേക്ക് താമസം മാറിയത്. 2019ൽ ഓക് വില്ലയിൽ നിന്നാണ് കനേഡിയൻ പാർലമെന്‍റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷറി ബോർഡ് പ്രസിഡന്‍റായും ദേശീയ പ്രതിരോധം, പൊതുസേവനം-സംഭരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും 58കാരിയായ അനിത പ്രവർത്തിച്ചിട്ടുണ്ട്.

പണ്ഡിതയും അഭിഭാഷകയും ഗവേഷകയുമായ അനിത, ടൊറന്‍റോ സർവകലാശാലയിൽ നിയമ വിഭാഗം പ്രഫസറായിരുന്നു. നിക്ഷേപക സംരക്ഷണത്തിലും കോർപറേറ്റ് ഗവേണൻസിലും മുൻതൂക്കം നൽകുന്ന ജെ.ആർ. കിംബർ ചെയറിന് നേതൃത്വം നൽകിയിട്ടുണ്ട്.

കാർണി മന്ത്രിസഭയിൽ അംഗമായത് അംഗീകാരമാണെന്നും നാളേക്കായി കാനഡയെയും കനേഡിയൻ സമ്പദ് വ്യവസ്ഥയെയും പടത്തുയർത്തുമെന്നും അനിത ആനന്ദ് എക്സിൽ കുറിച്ചു.

കനേഡിയൻ പ്രധാനമന്ത്രിയായി മാർക്ക് കാർണി വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അനിത ആനന്ദും കമൽ ഖേരയും ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. ട്രൂഡോ മന്ത്രിസഭയിലുണ്ടായിരുന്ന ചിലരെ മാത്രമാണ് കാർണി മന്ത്രിസഭയിൽ നിലനിർത്തിയിട്ടുള്ളത്. 13 പുരുഷന്മാരും 11 സ്ത്രീകളുമുള്ള കാർണിയുടെ മന്ത്രിസഭ ട്രൂഡോയുടെ 37 അംഗ മന്ത്രിസഭയേക്കാൾ ചെറുതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more