കറാച്ചി: പാകിസ്താനിൽ ബലൂച് ഭീകരർ തട്ടിക്കൊണ്ടുപോയ ട്രെയിനിൽനിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള ദൗത്യം പൂർത്തിയായി. ആക്രമണം നടത്തിയ 33 ഭീകരരെയും വധിച്ചതായി സൈനിക വക്താവ് ലഫ്. ജനറൽ അഹ്മദ് ഷരീഫ് പറഞ്ഞു. 21 യാത്രക്കാരെ ഭീകരർ വധിച്ചതായും നാല് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ചൊവ്വാഴ്ച ഉച്ചക്ക് ബൊലാൻ പ്രദേശത്തെ മഷ്കാഫ് തുരങ്കത്തിന് സമീപം വെച്ചാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഭീകരർ ആക്രമിച്ചതും ഒമ്പത് കോച്ചുകളിലായുള്ള 450ഓളം യാത്രക്കാരെ ബന്ദികളാക്കിയതും. രക്ഷാദൗത്യത്തിനിടെ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് സൈനിക വക്താവ് പറഞ്ഞു.
ഭീകരരുമായുള്ള തുടർച്ചയായ വെടിവെപ്പിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 190 യാത്രക്കാരെ ബുധനാഴ്ച രക്ഷപ്പെടുത്തി. മറ്റുള്ളവരെ ചൊവ്വാഴ്ച തന്നെ മോചിപ്പിച്ചിരുന്നു. യാത്രക്കാരെ ബന്ദികളാക്കിയ ശേഷം ചാവേർ സംഘങ്ങളെ നിയോഗിച്ചതിനാൽ കരുതലോടെയായിരുന്നു രക്ഷാപ്രവർത്തനം. കീഴടങ്ങേണ്ടിവരുമെന്ന ഭീതിയിൽ ഭീകരർ നിരപരാധികളെ മനുഷ്യകവചമായി ഉപയോഗിച്ചെന്നും മൂന്നിടത്ത് ചാവേർ ബോംബർമാർ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയെന്നും സുരക്ഷാസേന അറിയിച്ചു.
അതേസമയം, ബന്ദികളിൽ ചിലരെ സ്വയം വിട്ടയക്കുകയായിരുന്നെന്ന് ബി.എൽ.എ അവകാശപ്പെട്ടു. ട്രെയിൻ തട്ടിക്കൊണ്ടുപോയ തുരങ്കത്തിനു സമീപം വെടിവെപ്പും സ്ഫോടനവും നടന്നതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രെയിൻ യാത്രികരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ നൽകാൻ റെയിൽവേ അധികൃതർ പെഷാവർ, ക്വറ്റ സ്റ്റേഷനുകളിൽ അടിയന്തര ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ബലൂചിസ്താൻ മുഖ്യമന്ത്രി സർഫ്രാസ് ബാഗ്തി യോഗം വിളിച്ചു. ശത്രുക്കളെ വിജയിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാകിസ്താനെ കേക്ക് പോലെ മുറിക്കണമെന്ന ദേശവിരുദ്ധരുടെ സ്വപ്നം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബലൂചിസ്താൻ വിമതർ ട്രെയിൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് ഇതാദ്യമാണ്. ബലൂചിസ്താന്‍ സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുന്ന സംഘടനയാണ് ബി.എൽ.എ. പ്രാദേശിക സര്‍ക്കാറിനെതിരെ പോരാടുന്ന നിരവധി വംശീയ -വിമതസംഘങ്ങളില് ഏറ്റവും വലുതും ബി.എൽ.എയാണ്.
click on malayalam character to switch languages