ജിദ്ദ: യു.എസ്-യുക്രെയ്ൻ ചർച്ചകളുടെ ആദ്യ റൗണ്ട് ജിദ്ദയിൽ അവസാനിച്ചപ്പോൾ റഷ്യയും യുക്രെയ്നും തമ്മിലുള്ള മൂന്ന് വർഷത്തെ യുദ്ധം അവസാനിക്കാൻ സാധ്യത തെളിയുന്നു. യു.എസ് മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിർത്തൽ നിർദേശം യുക്രയ്ൻ അംഗീകരിച്ചു. റഷ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. യുക്രയ്നുള്ള യു.എസിന്റെ സാമ്പത്തിക സഹായം പുനസ്ഥാപിക്കും. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കാനും യുക്രയ്നിലെ ധാതുസമ്പത്ത് പങ്കുവെക്കാനും തീരുമാനമായി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മന്ത്രി ഡോ. മുസാഇദ് അൽഅയ്ബാന്റെയും സാന്നിധ്യത്തിലാണ് യു.എസ്, യുക്രെയ്ൻ ചർച്ച ആരംഭിച്ചത്. യുക്രെയ്നിലെ പ്രതിസന്ധി പരിഹരിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ നടന്നത്.
ചർച്ചയിൽ അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സും അമേരിക്കൻ പക്ഷത്തെ പ്രതിനിധീകരിച്ചു.യുക്രെയ്ൻ പക്ഷത്തെ പ്രതിനിധീകരിച്ച് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടർ ആൻഡ്രി യെർമാക്, വിദേശകാര്യ മന്ത്രി ആൻഡ്രി സെഭ, യുക്രെയ്ൻ പ്രതിരോധമന്ത്രി റുസ്തം ഉമറോവ് എന്നിവർ പങ്കെടുത്തു. ജിദ്ദയിൽ യുക്രെയ്ൻ പ്രതിനിധികളുമായുള്ള ചർച്ചകൾ നല്ല നിലയിൽ നടന്നതായി യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ് വ്യക്തമാക്കി.
ഫെബ്രുവരി 28ന് വൈറ്റ് ഹൗസിൽ നടന്ന ഞെട്ടിപ്പിക്കുന്ന വാക്ക് തർക്കത്തിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവമായാണ് സൗദിയിലെ യു.എസ്, യുക്രെയ്ൻ ചർച്ചകളെ ലോകം ഉറ്റുനോക്കിയത്. ട്രംപും സെലൻസ്കിയും വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് രണ്ടാഴ്ചക്കുശേഷമാണ് യു.എസിൽനിന്നും യുക്രെയ്‌നിൽനിന്നുമുള്ള പ്രതിനിധികൾ ജിദ്ദയിൽ ചർച്ച ആരംഭിച്ചത്. ഇതിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും തിങ്കളാഴ്ച വൈകീട്ട് ജിദ്ദയിലെത്തിയിരുന്നു.
യു.എസ്, യുക്രെയ്ൻ ചർച്ച ആരംഭിക്കുന്നതിന് മുമ്പ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും യുക്രെയ്ൻ പ്രസിഡൻറും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
click on malayalam character to switch languages