ബീന മാത്യു ചമ്പക്കരയ്ക്കു ഇന്ന് മാഞ്ചസ്റ്റർ സമൂഹം കണ്ണീരോടെ യാത്രയേകും….
Mar 11, 2025
മാഞ്ചസ്റ്ററിൽ കഴിഞ്ഞ മാസം 27 ന് മരണമടഞ്ഞ ബീന മാത്യുവിന് മാഞ്ചസ്റ്ററിൽ കുടുംബാംഗങ്ങളും, ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ അന്ത്യയാത്രാമൊഴിയേകും. കാൻസർ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബീന മാത്യു (53) ഫെബ്രുവരി 27 നായിരുന്നു മരണമടഞ്ഞത്. ബീനയുടെ ആഗ്രഹമനുസരിച്ചു കുട്ടികളും കുടുംബാംഗങ്ങളും ശവസംസ്‌കാരം ഇവിടെ നടത്തുവാനാൻ തീരുമാനിക്കുകയായിരുന്നു. സംസ്കാരത്തിൽ പങ്കെടുക്കുവാൻ ബീനയുടെ അടുത്ത ബന്ധുക്കൾ നാട്ടിൽനിന്നും എത്തിയിട്ടുണ്ട്.
മാർച്ച് 11 ചൊവ്വാഴ്ച രാവിലെ ഫ്യൂണറൽ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലിചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോസ്പിറ്റലിലെത്തിച്ചു അവിടുത്തെ സഹജീവനക്കാർ നൽകുന്ന അന്തിമോപചാരങ്ങൾക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോർഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കൻ റോമൻ കാത്തലിക് ദേവാലയത്തിൽ എത്തിക്കും. മാഞ്ചെസ്റ്റർ ക്നാനായ മിഷൻ കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്ന ശവസംസ്കാര ശുശ്രൂഷയും തുടർന്ന് പള്ളിയിൽവച്ചുതന്നെ പൊതുദർശനവുമുണ്ടാവും. തുടർന്ന് ഉച്ചതിരിഞ്ഞു 1:45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേൺ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതായിരിക്കും.
നാട്ടിൽ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ പരേത മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്. 2003 ലായിരുന്നു ബീന നഴ്‌സായി മാഞ്ചസ്റ്ററിലെ എംസ്റ്റോൺ കോട്ടേജ് നഴ്സിംഗ് ഹോമിൽ ആദ്യമായി എത്തുന്നത്. തുടർന്ന് സ്വിണ്ടനിലുള്ള ഓക്വുഡ് നഴ്സിംഗ് ഹോമിലും എക്കൽസിലെ ബൂപ കെയർ ഹോമിലും ജോലിചെയ്ത ബീന പിന്നീട് മാഞ്ചസ്റ്റർ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷോ എൻ എച് എസ് ഹോസ്പിറ്റലിലെ ഹെഡ് ആൻഡ് നെക്ക് വാർഡ് 9 ലേക്ക് മാറുകയായിരുന്നു. മരണമടയുമ്പോൾ അതെ ട്രസ്റ്റിനു കീഴിലുള്ള ട്രാഫോർഡ് ജനറൽ ഹോസ്പിറ്റലിലെ വാർഡ് 11 സ്ട്രോക്ക് യൂണിറ്റിൽ ജോലിചെയ്തു വരികയായിരുന്നു.
മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. കഷ്ടപ്പാടുകളുടെ കാലഘട്ടങ്ങളിൽ അചഞ്ചലമായ കഠിനാധ്വാനത്തിലൂടെയും അതിലുപരി ജീവിതത്തിലെ പല വെല്ലുവിളികളെ മനോധൈര്യത്തിലൂടെയും നേരിട്ടുകൊണ്ട് ജീവിതവിജയം നേടിയയാളായിരുന്നു ബീന. പലപ്പോഴും അലട്ടിക്കൊണ്ടിരുന്നു അസുഖങ്ങളെ എത്ര ധൈര്യത്തോടെയും ക്ഷമയോടെയുമാണ് ബീന നേരിട്ടിരുന്നതെന്നു അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതുമാണ്. കൂടെ ജോലി ചെയ്തിരുന്നവരോടും സുഹൃത്തുക്കളോടും ബീന കാട്ടിയിരുന്ന സ്നേഹവും ബഹുമാനവും ആർക്കും മാതൃകാപരമായിരുന്നുവെന്നു പലരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറിയിലെ ജീവനക്കാരനായ മാത്യു ചുമ്മാർ ചമ്പക്കരയാണ് ബീനയുടെ ഭർത്താവ്. മക്കളായ എലിസബത്തും ആൽബെർട്ടും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥികളും ഇളയമകൾ ഇസബെൽ ഊംസ്റ്റോൺ ഗ്രാമർ ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ട്രാഫോർഡിലെ സാമൂഹികവും മതപരവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളിലും ബീനയുടെ കുടുംബം നൽകിയിട്ടുള്ള സംഭാവനകൾ എടുത്തുപറയത്തക്കതായിരുന്നു എന്ന് ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിജു ചാക്കോ അറിയിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ബീനയുടെ സംസ്കാരകർമങ്ങൾ ഏറ്റവും ആദരവോടെയും ഉചിതമായ രീതിയിലും നടത്തുവാൻ സമൂഹം തയാറായി കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു.
ശവസംസ്ക്കാര ശുശ്രൂഷ നടക്കുന്ന ദേവാലയത്തിൻ്റെയും, സിമിത്തേരിയുടേയും വിലാസം താഴെ കൊടുത്തിരിക്കുന്നു.
click on malayalam character to switch languages