വാഷിങ്ടൺ: ഇന്ത്യക്ക് എതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ഇന്ത്യ അമേരിക്കയ്ക്ക് നൂറ് ശതമാനമാണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്, അംഗീകരിക്കാനാവില്ല. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗമില്ലെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമേയുള്ളൂവെന്ന് ട്രംപ് നിലപാട് കടുപ്പിച്ചു.
‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെ പ്രസംഗം തുടങ്ങിയ ട്രംപ് മറ്റ് സർക്കാരുകൾ വർഷങ്ങൾ എടുത്ത് ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ 43 ദിവസം കൊണ്ട് തങ്ങൾ ചെയ്തു തീർത്തുവെന്നും പറഞ്ഞു. സർക്കാർ തലത്തിലുളള എല്ലാ സെൻസർഷിപ്പുകളും അവസാനിച്ചു, ആശയാവിഷ്കാര സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവെന്നും ട്രംപ് വ്യക്തമാക്കി.
മുട്ടവില നിയന്ത്രണാതീതമാണെന്നും ആളുകൾക്ക് താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. കർഷകർക്കായി പുതിയ വ്യാപാര നയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും അമേരിക്കയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഇത് കർഷകരെ ദ്രോഹിക്കുന്നതിന് തുല്യമാണ്. ഏപ്രിൽ രണ്ടിന് നിലവിൽ വരുന്ന പല താരിഫുകളും കാർഷിക ഉത്പന്നങ്ങളെ ലക്ഷ്യമിട്ടുളളതാണ്. വിവിധ വിഭാഗം ജീവനക്കാർക്കുളള ടിപ്പുകൾ, ഓവർടൈം, മുതിർന്നവർക്കുളള സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കുളള നികുതി കുറച്ചുവെന്നും ട്രംപ് പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ അമേരിക്കയ്ക്ക് എതിരെ കൂടുതൽ തീരുവയാണ് ചുമത്തുന്നത്. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് നൽകിയ ഇളവ് നിർത്തുകയാണെന്നും ട്രംപ് പറഞ്ഞു. ആയിരക്കണക്കിന് അമേരിക്കകാരുടെ ജീവനെടുത്ത ഫെന്റനൈൽ ലഹരി മരുന്ന് ഈ രാജ്യങ്ങളിൽ നിന്നാണ് വരുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കമാണ് ചുമത്തിയിട്ടുളളത്. ഇത് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ചൈനയിൽ നിന്നുളള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ പത്ത് ശതമാനം തീരുവ 20 ശതമാനമായി ഉയർത്തുകയും ചെയ്തു.
click on malayalam character to switch languages