തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബസമേതം ആത്മഹത്യ ചെയ്യുന്ന കാര്യം സുഹൃത്ത് ഫർസാനയെ അറിയിച്ചിരുന്നു. ഒപ്പം മരിക്കണമെന്ന് അഫാൻ ഫർസാനയോട് ആവശ്യപ്പെട്ടു. ഫർസാന എതിർക്കുകയും തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. കൊലപാതകത്തിന് തലേ ദിവസമാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്കുള്ള അന്തിമതീരുമാനം എടുത്തത്. ആരെങ്കിലും രക്ഷപ്പെട്ടാലോ എന്ന വിഷമത്തിൽ കൃത്യം സ്വയം ഏറ്റെടുത്തുവെന്നും പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ പ്രതി വ്യക്തമാക്കുന്നു.
പ്രതി അഫാനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എലിവിഷം കഴിച്ച് അഫാന്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അഫാനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെ പ്രത്യേക സെല്ലിലാവും പ്രതി തുടരുക. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നെടുമങ്ങാട് കോടതി രണ്ട് മജിസ്ട്രേറ്റ് പി ആര്‍ അക്ഷയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി അഫാനെ റിമാന്‍ഡ് ചെയ്തത്.
അതേസമയം, പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹീം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കണ്ടു. ഷെമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഇളയ മകൻ അഫ്‌സാനെ കുറിച്ചാണ് കൂടുതലായും ചോദിക്കുന്നതെന്നും റഹീമിന്റെ സുഹൃത്ത് അബൂബക്കർ പറഞ്ഞു.
അഫാനെക്കുറിച്ചും അന്വേഷിച്ചു. അബ്ദുറഹീമിനെ ഷെമി തിരിച്ചറിഞ്ഞു. പറയുന്ന കാര്യങ്ങൾ വ്യക്തമല്ലെങ്കിലും സംസാരിക്കുന്നുണ്ട്. മരണവാർത്തകൾ ഷെമിയെ അറിയിച്ചിട്ടില്ലെന്നും അബൂബക്കർ പറഞ്ഞു. റഹീം തന്‍റെ ഉറ്റവരുടെ കബറിടങ്ങളിലെത്തി. മകന്‍റെ കബറിടത്തിലെത്തിയപ്പോൾ റഹീം പൊട്ടിക്കരഞ്ഞു.
ഇത് ഒപ്പമുള്ളവരുടേയും കണ്ണ് നനയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു റഹീം. പൊലീസ് റഹീമിന്‍റെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
click on malayalam character to switch languages