കേംബ്രിഡ്ജിനെ വർണ്ണാഭമാക്കി സംഗീത-നൃത്ത വസന്തം; ഓ എൻ വിക്കും പി ജയചന്ദ്രനും സംഗീതാർച്ചന; കലാവിസ്മയം തീർത്ത് 120 ഓളം കലാകാർ; വേദിയും പരിസരവും തിങ്ങിനിറഞ്ഞു കലാസ്വാദകർ; ‘സെവൻ ബീറ്റ്സ്-സീ എം എ ‘ സംഗീതോത്സവം സീസൺ 8 നവചരിതം കുറിച്ചു.
Feb 26, 2025
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച 7 ബീറ്റ്സ് സംഗീതോത്സവ വേദിയിൽ കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ കലയുടെ മഴവിൽ വസന്തം. കേംബ്രിഡ്ജിലെ നെതർഹാൾ സ്കൂൾ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങൾ 7 ബീറ്റ്സ് സീസൺ 8 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന വർണ്ണാഭമായ സമ്പന്ന കലാ വിരുന്നിനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പന്ത്രണ്ടുവരെ നീണ്ടു നിന്നു.
കേംബ്രിഡ്ജ് മേയർ കൗൺസിലർ ബൈജു തിട്ടാല 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു ആശംസകൾ നേർന്നു. ‘ദൃശ്യം’ അടക്കം നിരവധി ഭാഷാ സിനിമകളിൽ തിളങ്ങുകയും മലയാളി ഹൃദയങ്ങളിൽ ഇടംനേടിയ പ്രശസ്ത സിനിമാ താരവും, സംഗീതോത്സവത്തിലെ മുഖ്യാതിഥിയും ആയ നടി എസ്തർ അനിൽ ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു സംസാരിച്ചു. 7 ബീറ്റ്സിന്റെ സംഗീതോത്സവ ഉദ്ഘാടന വേദിയിൽ കോർഡിനേറ്ററും, യുഗ്മ നാഷണൽ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, സീ എം എ പ്രതിനിധി എബ്രഹാം ലൂക്കോസ്, യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, കൊച്ചിൻ കലാഭവൻ (ലണ്ടൻ) ജൈസൺ ജോർജ്ജ്, സുജു ഡാനിയേൽ എന്നിവർ ആശംസകൾ നേർന്നും സംസാരിച്ചു……..
അത്ഭുത പ്രകടനവുമായി എത്തിയ കൊച്ചു കുട്ടികളുടെ ലൈവ് ബാൻഡായി അരങ്ങേറ്റം കുറിച്ച ‘ബ്ലാസ്റ്റേഴ്സ് ബെഡ്ഫോർഡും’, പ്രശസ്ത ലൈവ് ബാൻഡായ ‘മല്ലു ബാൻഡ്സും’, സദസ്സ് നെഞ്ചിലേറ്റിയ ‘ജതി ഡാൻസ് ഗ്രൂപ്പും’, അരങ്ങിൽ മാസ്മരിക വിരിയിച്ച ‘റിഥം ക്യുൻസ്’, യു കെ യുടെ കലാതിലകങ്ങളായ ‘ആനി അലോഷ്യസും,’ ടോം അലോഷ്യസും’ അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു. യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള , കലാപ്രതിഭകൾ തങ്ങളുടെ സർഗ്ഗ പ്രതിഭ തെളിയിക്കുവാൻ അരങ്ങിലെത്തുകയും, യു കെ യിലെ സംഗീത വേദികൾ ഒരുക്കുന്ന ഇതര സംഘാടകരുടെ പങ്കാളിത്തവും, പ്രതിഭാധനരായ കലാകാരുടെ നിറ സാന്നിദ്ധ്യവും 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ അംഗീകാരമായി.
ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എഴുപതോളം സംഗീത-നൃത്ത ഇനങ്ങൾ വർണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയിൽ എൽ ഇ ഡി സ്ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തിൽ, നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാണ് കേംബ്രിഡ്ജിൽ 7 ബീറ്റ്സ് സമ്മാനിച്ചത്.
സെവൻ ബീറ്റ്സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും മർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും, ഇടവേളകൾക്ക് തുടിപ്പും നൽകി ഡെർബിയിൽ നിന്നുള്ള രാജേഷ് നായർ, സൗത്താംപ്ടണിൽ നിന്നുള്ള അൻസി കൃഷ്ണൻ, ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു, ലീഡ്സിൽ നിന്നുള്ള ആൻ റോസ് സോണി എന്നിവർ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 9 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്. 7 ബീറ്റ്സ് സംഗീതോത്സവ കോർഡിനേറ്റർമാരോടൊപ്പം കേംബ്രിഡ്ജ് മലയാളി ആസ്സോസ്സിയേഷനിലെ അബ്രഹാം ലൂക്കോസ്, പ്രസിഡണ്ട് ജോജി ജോസഫ്, സെക്രട്ടറി ദീപാ ജോർജ്ജ്, പി ആർ ഓ ശ്രീജു പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
ലൈവ് സ്ട്രീമിങ്ങിനും ഫോട്ടോഗ്രാഫിക്കും കുശാൽ കെ സ്റ്റാൻലി (സ്റ്റാൻ ക്ലിക്ക്സ് ) നേതൃത്വം നൽകി. രുചികരമായ ചൂടൻ കേരള ഭക്ഷണ വിഭവങ്ങളുമായി മന്നാ ഗിഫ്റ്റ് കാറ്ററേഴ്സിന്റെ ഫുഡ് സ്റ്റോൾ വേദിയോടനുബന്ധിച്ചു തുറന്നു പ്രവർത്തിച്ചിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.
click on malayalam character to switch languages