ബർലിൻ: അത്യന്തം വാശിയേറിയ ജർമൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ യാഥാസ്ഥിതിക സഖ്യമായ സി.ഡി.യു-സി.എസ്.യു മുന്നിലെത്തി. തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനി (എ.എഫ്.ഡി) വൻ കുതിപ്പോടെ രണ്ടാം സ്ഥാനത്തെത്തി. സാമ്പത്തിക മുരടിപ്പ്, കുടിയേറ്റം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായ തെരഞ്ഞെടുപ്പിൽ നിലവിലെ ചാൻസലർ ഒലഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. നിലവിലെ ഭരണസഖ്യം കഴിഞ്ഞ നവംബറിൽ തകർന്നതിനെത്തുടർന്നാണ് എട്ടുമാസം നേരത്തെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു)- ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ (സി.എസ്.യു) സഖ്യ നേതാവ് ഫ്രെഡറിഷ് മെർസ് ചാൻസലറാകുമെന്ന് ഏതാണ്ട് ഉറപ്പായി. അതേസമയം, എ.എഫ്.ഡിയുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ജർമൻ പാർലമെന്റായ ബുന്ദെസ്റ്റാഗിൽ സി.ഡി.യു-സി.എസ്.യു സഖ്യത്തിന് 208 സീറ്റ് ലഭിച്ചു. എ.എഫ്.ഡി 152 സീറ്റാണ് നേടിയത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 120 സീറ്റും ഗ്രീൻസ് പാർട്ടി 85 സീറ്റും നേടി. നിലവിലെ ഭരണസഖ്യത്തിലുണ്ടായിരുന്ന മറ്റൊരു പാർട്ടിയായ ഫ്രീ ഡെമോക്രാറ്റ്സിന് സീറ്റ് നേടാനാവശ്യമായ അഞ്ച് ശതമാനം വോട്ട് ലഭിച്ചില്ല. ഇടതുപാർട്ടിയായ ഡീ ലിങ്കെ 64 സീറ്റ് നേടി.
കുടിയേറ്റ വിരുദ്ധതയിൽ ഊന്നി 12 വർഷം മുമ്പ് രൂപവത്കരിച്ച എ.എഫ്.ഡി അമ്പരപ്പിക്കുന്ന വളർച്ചയാണ് ഇതിനകം നേടിയത്. മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച നേതാക്കൾ അടുത്ത തെരഞ്ഞെടുപ്പിൽ ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, എ.എഫ്.ഡിയുമായി സഹകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മറ്റ് പാർട്ടികൾ. അതിനാൽ, ഇതുവരെ പാർട്ടിക്ക് സർക്കാറിന്റെ ഭാഗമാകാനായിട്ടില്ല.
സി.ഡി.യു-സി.എസ്.യു സഖ്യത്തിന് 28.6 ശതമാനം വോട്ട് ലഭിച്ചപ്പോൾ എ.എഫ്.ഡിക്ക് 20.8 ശതമാനം വോട്ടാണ് ലഭിച്ചത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 16.4 ശതമാനവും ഗ്രീൻസ് പാർട്ടിക്ക് 11.6 ശതമാനവും ഇടതുകക്ഷിക്ക് 8.8 ശതമാനവും വോട്ട് ലഭിച്ചു.
ശാശ്വതമായ അതിർത്തി നിയന്ത്രണം, കുടിയേറ്റം നിയന്ത്രിക്കൽ, നികുതി ഇളവ് എന്നിവ വാഗ്ദാനം ചെയ്താണ് ഫ്രെഡറിക് മെർസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അമേരിക്കയുടെയും റഷ്യയുടെയും വെല്ലുവിളി നേരിടാൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഫ്രെഡറിഷ് മെർസ് പ്രഖ്യാപിച്ചു. അമേരിക്ക യൂറോപ്പിനോട് നിസ്സംഗത പുലർത്തുകയാണെന്നും യൂറോപ് സ്വതന്ത്രമാകണമെന്നും പറഞ്ഞ അദ്ദേഹം, എന്നും യുക്രെയ്നൊപ്പം നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു.
click on malayalam character to switch languages