1 GBP = 109.46
breaking news

ഇസ്രായേലിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനം; ഭീകരാക്രമണമെന്ന് പൊലീസ്

ഇസ്രായേലിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനം; ഭീകരാക്രമണമെന്ന് പൊലീസ്

തെൽ അവീവ്: ഇസ്രായേൽ നഗരമായ തെൽ അവീവിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനം. പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട ബസുകളിൽ വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. ബാറ്റ് യാം, ഹോലൻ എന്നിവിടങ്ങളിൽ നിർത്തിയിട്ട ബസുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ഇസ്രായേൽ ​പൊലീസ് ആരോപിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സമീപമുള്ള ബസുകളിൽ ഉണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. ഹോളനിലെ ബസ് സ്റ്റേഷനിലാണ് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയത്. ഏകദേശം അഞ്ച് കിലോഗ്രാം സ്ഫോടക വസ്തുവാണ് ഹോളനിലെ ബസ് സ്റ്റേഷനിൽ നിന്നും കണ്ടെത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സ്ഫോടനത്തിന് പിന്നാലെ സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി. വെസ്റ്റ്ബാങ്കിൽ ആക്രമണം ശക്തമാക്കാനും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്നാണ് വിവരം.

സ്ഫോടനത്തിന് പിന്നാലെ മുഴുവൻ ബസ് സർവീസുകളും നിർത്താൻ ഗതാഗതമന്ത്രി മിറി റെജെവ് ഉത്തരവിട്ടു. എല്ലാ ബസുകളിലും ട്രെയിനുകളിലും ലൈറ്റ് മെട്രോ സർവീസുകളിലും പരിശോധന നടത്താനും മന്ത്രി നിർദേശം നൽകി. മൊറോക്കോ സന്ദർശനം വെട്ടിചുരുക്കി ഗതാഗതമന്ത്രി ഇസ്രായേലിലേക്ക് തിരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more