തെൽ അവീവ്: യുദ്ധഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെതിരെ വീണ്ടും യുദ്ധം തുടങ്ങാനാണ് ആഹ്വാനം. ശനിയാഴ്ചക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കിൽ ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ തുറക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ദ ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മന്ത്രിസഭ യോഗശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
മുഴുവൻ ബന്ദികളെയും വിട്ടയക്കാത്ത പക്ഷം ഇസ്രായേൽ സമാധാന കരാർ റദ്ദാക്കണമെന്നും നരകം തുറക്കട്ടെയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇസ്രായേൽ വെടിനിർത്തൽ കരാർ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ബന്ദി മോചനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വടക്കൻ ഗസ്സയിലേക്ക് മടങ്ങിവരുന്നവരെ ഇസ്രായേൽ സൈന്യം തടയുന്നുവെന്നും സഹായവസ്തുക്കൾ എത്താൻ അനുവദിക്കുന്നില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഗസ്സയിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്ന ഫലസ്തീൻ അഭയാർഥികളെ ഏറ്റെടുക്കാത്തപക്ഷം ജോർഡനും ഈജിപ്തിനുമുള്ള സഹായം തടഞ്ഞുവെക്കുമെന്നും ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പാണ് ഭീഷണി.
ഹമാസിന്റെ പ്രസ്താവന ഭീകരമാണെന്ന് ട്രംപ് പറഞ്ഞു.വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്നത് അന്തിമമായി ഇസ്രായേലാണ് തീരുമാനിക്കേണ്ടത്. ബന്ദികളെ രണ്ടും മൂന്നും നാലും പേരായി വിട്ടയക്കുകയല്ല വേണ്ടത്. എല്ലാവരെയും തിരിച്ചെത്തിക്കണം. താൻ സ്വന്തം നിലപാടാണ് പറയുന്നത്. ഇസ്രായേലിന് വേണമെങ്കിൽ ഇത് മറികടക്കാം. താൻ മുന്നോട്ടുവെച്ച സമയപരിധിയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുമായി സംസാരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഭീഷണിയുടെ ഭാഷകൊണ്ട് പ്രയോജനമില്ലെന്നായിരുന്നു ഇതിനോട് ഹമാസിന്റെ പ്രതികരണം. ട്രംപിന്റെ അന്ത്യശാസനത്തോടെ മൂന്നാഴ്ച മുമ്പ് നിലവിൽവന്ന വെടിനിർത്തൽ കരാർ തകരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള ബന്ദി മോചനത്തിന് പകരം ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ വിട്ടയക്കുകയായിരുന്നു കരാറിന്റെ ലക്ഷ്യം.
click on malayalam character to switch languages