പലസ്തീൻ നിലംപരിശാക്കി മാറ്റിയ ഗസ മുനമ്പിനെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വികസിപ്പിക്കാനും തയ്യാറാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാഡ് ട്രംപിൻ്റെ പ്രസ്താവന ആശങ്കയോടെ നോക്കി അറബ് ലോകവും പലസ്തീനും. 1948 ലെ ഇസ്രയേൽ രൂപീകരണവും ഇതേത്തുടർന്ന് ഏഴ് ലക്ഷത്തോളം പലസ്തീനികൾക്ക് വീട് വിട്ടോടേണ്ടി വന്ന സ്ഥിതിയും ഓർമ്മകളിലിരിക്കെ അമേരിക്കയുടെ ഇപ്പോഴത്തെ ലക്ഷ്യം എന്താണെന്ന് പലസ്തീനികൾ ചിന്തിക്കുന്നു. ട്രംപിൻ്റെ പരാമർശം പരിഹാസ്യവും അസംബന്ധവുമാണെന്നും ഇത് പ്രദേശത്തെ കൂടുതൽ ജ്വലിപ്പിക്കുന്നതെന്നുമാണ് ഹമാസ് നേതാവ് സാമി അബു സുഹ്‌രി പ്രതികരിച്ചത്.
അമേരിക്ക സാമ്പത്തിക ശാക്തീകരണവും വികസനവും വാഗ്ദാനം ചെയ്ത് വരുന്നത് പലസ്തീനികളെ ഗസയിൽ നിന്ന് പുറത്താക്കാനാണോ എന്നാണ് ഇപ്പോൾ അറബ് ലോകവും ഗാസക്കാരായ മനുഷ്യരുടെയും ആശങ്ക. ഇസ്രയേലിൻ്റെ രൂപീകരണത്തിന് പിന്നാലെ പലസ്തീൻ വിട്ടോടിയവർ അയൽ രാജ്യങ്ങളായ ജോർദാനിലും സിറിയയിലും ലെബനനിലുമാണ് അഭയം തേടിയത്. ഇവരുടെ പിന്മുറക്കാർ ഇപ്പോഴും ഈ അറബ് രാജ്യങ്ങളിലെ അഭയാർത്ഥി ക്യാംപുകളിലാണ് കഴിയുന്നത്. ചിലർ ഗസയിലേക്ക് തിരികെ പോവുകയും ചെയ്തു. പിന്നീട് നിരന്തരം ഏറ്റുമുട്ടലുകൾ നടന്ന മേഖലയാണ് പലസ്തീൻ. ഏറ്റവും ഒടുവിലത്തെ വെടിനിർത്തലിലേക്ക് എത്തുമ്പോൾ ഗസയിലെ നഗരമേഖലകളെല്ലാം ഇസ്രയേൽ ആക്രമണത്തിൽ തകർക്കപ്പെട്ട സ്ഥിതിയാണ്. 2023 ഒക്ടോബർ ഏഴിലെ ഹമാസിൻ്റെ ഇസ്രേയൽ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ട ശേഷമാണ് ഗസയ്ക്ക് നേരെ ആക്രമണം തുടങ്ങിയത്. ഇതിൽ 47000 പേർ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീൻ്റെ കണക്ക്.
ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണത്തിനുള്ള പ്രത്യാക്രമണം തുടങ്ങും മുൻപ് ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്ക് പോകാനാണ് പലസ്തീൻകാരോട് ഇസ്രയേൽ ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഗസയിലെ 85 ശതമാനം ജനങ്ങളും വാസസ്ഥലം നഷ്ടമായ നിലയിലാണ് ഇന്ന്. 1948 ലെ അനുഭവം മുന്നിലുള്ളതിനാൽ തന്നെ ഗസ മുനമ്പിലെ നിരവധി പേർ ഇസ്രയേൽ മുന്നറിയിപ്പ് വകവെക്കാതെ ഇവിടെ തന്നെ തുടർന്നിരുന്നു. ഇവരിൽ നല്ലൊരു ഭാഗം ജനങ്ങളും കൊല്ലപ്പെട്ടു. അതിൽ കുട്ടികളും സ്ത്രീകളും നിരവധി.
മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭ ഏറെ പരിശ്രമിച്ചിരുന്നു. പലസ്തീനികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കരുതെന്ന നിലപാടാണ് അറബ് രാഷ്ട്രങ്ങൾക്ക്. മേഖലയിൽ സംഘർഷം തുടങ്ങിയ കാലത്തെല്ലാം ഈ നിലപാട് അവർ ഉയർത്തിയിരുന്നു. 2024 ഫെബ്രുവരി 16 ന് നടത്തിയ പ്രതികരണത്തിൽ അന്നത്തെ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇന്നത്തെ പ്രതിരോധ മന്ത്രിയായ ഇസ്രയേൽ കാട്‌സ് തങ്ങൾക്ക് പലസ്തീനികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ആഗ്രഹമില്ലെന്നാണ് പറഞ്ഞത്. എന്നാൽ ആ പ്രദേശത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുകയാണ് അവർ ചെയ്തത്.
click on malayalam character to switch languages