മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ യുവ ഓപണർ അഭിഷേക് ശർമയുടെ വെടിക്കെട്ടിൽ തകർന്നടിഞ്ഞത് നിരവധി റെക്കോർഡുകൾ. ഇന്ത്യൻ ഇന്നിംഗ്സിന്റെ 10.1 ഓവറിലാണ് അഭിഷേക് തന്റെ സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ട്വന്റി 20യിൽ ഇതാദ്യമായാണ് ഒരു ടീം 10.1 ഓവർ പിന്നിടുമ്പോൾ ടീമിലെ താരം സെഞ്ച്വറി നേട്ടത്തിൽ എത്തുന്നത്. മുമ്പ് ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് 10.2 ഓവറിൽ സെഞ്ച്വറി നേട്ടത്തിൽ എത്തിയിരുന്നു.
മത്സരത്തിൽ 17 പന്തുകളിൽ അഭിഷേക് അർധ സെഞ്ച്വറി നേട്ടം സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗത്തിലുള്ള അർധ സെഞ്ച്വറിയാണിത്. 12 പന്തുകളിൽ അർധ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ യുവരാജ് സിങ് മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത്.
വേഗത്തിൽ സെഞ്ച്വറിയിലേക്കെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് അഭിഷേക് ശർമ. 37 പന്തുകളിൽ അഭിഷേക് സെഞ്ച്വറി നേട്ടം സ്വന്തമാക്കി. ബംഗ്ലാദേശിനെതിരെ ഹൈദരാബാദിൽ സഞ്ജു സാംസൺ നേടിയ 40 പന്തിൽ സെഞ്ച്വറിയെന്ന റെക്കോർഡ് ഇനി അഭിഷേകിന് സ്വന്തം. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റിൽ വേഗത്തിൽ സെഞ്ച്വറി തികച്ച രണ്ടാമത്തെ താരവും അഭിഷേക് തന്നെയാണ്. 35 പന്തുകളിൽ സെഞ്ച്വറി നേടിയ ഇന്ത്യയുടെ രോഹിത് ശർമയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുമാണ് യുവതാരത്തിന് മുന്നിലുള്ളത്.
ടി20യിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും ഇനി അഭിഷേകിന് സ്വന്തമാണ്. 13 സിക്സറുകളാണ് അഭിഷേക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അടിച്ചുപറത്തിയത്. 10 സിക്സറുകൾ വീതം നേടിയ രോഹിത് ശർമ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരുടെ റെക്കോർഡുകളാണ് അഭിഷേക് പഴങ്കഥയാക്കിയത്. ന്യൂസിലാൻഡിന്റെ ഫിൻ അലനാണ് ടി20 ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം. 16 സിക്സറുകൾ ഒരിന്നിംഗ്സിൽ ഫിൻ അലന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20യിൽ 54 പന്തിൽ 135 റൺസാണ് നേടിയത്. ഏഴ് ഫോറുകളും 13 സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. 250.00 ആണ് സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ ഇന്ത്യ 150 റൺസിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് 10.3 ഓവറിൽ 97 റൺസിൽ അവസാനിച്ചു.
click on malayalam character to switch languages