1 GBP = 107.02
breaking news

ട്രംപ് മുന്നോട്ട്;കുടിയേറ്റ ബില്ല് പാസാക്കി ജനപ്രതിനിധി സഭ

ട്രംപ് മുന്നോട്ട്;കുടിയേറ്റ ബില്ല് പാസാക്കി ജനപ്രതിനിധി സഭ

വാഷിങ്ടൺ: കടുത്ത നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുന്നതിനിടെ കുറ്റാരോപിതരായ അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽവെക്കാൻ അനുമതി നൽകുന്ന ബില്ലിന് യു.എസ് ജനപ്രതിനിധി സഭയുടെ അന്തിമ അംഗീകാരം. മോഷണം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നവരെയാകും തടങ്കലിൽ വെക്കുക. ട്രംപ് ഒപ്പിടുന്ന ആദ്യ നിയമമാകും ഇത്. കഴിഞ്ഞവർഷം വെനസ്വേലൻ കുടിയേറ്റക്കാരൻ ജോർജിയയിൽ കൊലപ്പെടുത്തിയ നഴ്സിങ് വിദ്യാർഥിയായ ലേക്കൺ റൈലിയുടെ പേരിലുള്ളതാണ് നിയമം.

ജനപ്രതിനിധി സഭയിൽ 46 ഡെമോക്രാറ്റ് പ്രതിനിധികളുടെ പിന്തുണയും ലഭിച്ചതോടെ 156നെതിരെ 263 വോട്ടിനാണ് ബിൽ പാസായത്. കുടിയേറ്റം സംബന്ധിച്ച തീരുമാനങ്ങൾ മൂലമുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് ഫെഡറൽ സർക്കാറുകൾക്കെതിരെ കേസെടുക്കാൻ സ്റ്റേറ്റ് അറ്റോണി ജനറലിന് നിയമപരമായ അധികാരവും ബിൽ നൽകുന്നുണ്ട്.

പുതിയ നയങ്ങൾക്കെതിരായ നിയമ പോരാട്ടങ്ങൾക്കും അമേരിക്കയിൽ തുടക്കമായി. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കുന്ന ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെതിരായ ഹരജികളിൽ വ്യാഴാഴ്ച വാദം കേൾക്കൽ തുടങ്ങി. 22 സംസ്ഥാനങ്ങളും രാജ്യത്തെ നിരവധി കുടിയേറ്റ അവകാശ ഗ്രൂപ്പുകളുമാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. രാജ്യത്ത് ജനിച്ച ലക്ഷക്കണക്കിന് ആളുകളെ പുതിയ നിയമം ബാധിക്കുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

അതിനിടെ, കാപിറ്റോൾ ഹില്ലിൽ അതിക്രമിച്ചുകയറിയ അനുയായികൾക്ക് ട്രംപ് കൂട്ട മാപ്പ് നൽകിയതിനെതിരെ കടുത്ത വിമർശനവുമായി മൂന്ന് ഫെഡറൽ ജഡ്ജിമാർ രംഗത്തെത്തി. 2021 ജനുവരി ആറിലെ ഹീനകൃത്യങ്ങളെ ഒന്നുകൊണ്ടും മായ്ച്ചുകളയാൻ കഴിയില്ലെന്ന് ജില്ല ജഡ്ജി തന്യാ ചുത്കൻ പറഞ്ഞു.

കുടിയേറ്റം തടയാൻ മെക്‌സിേകായുടെ അതിർത്തി അടച്ചുപൂട്ടാനും സ്ഥിരമായ നിയമ പരിരക്ഷയില്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താനുമുള്ള എക്‌സിക്യൂട്ടിവ് ഉത്തരവുകൾക്കും തുടക്കമിട്ടിട്ടുണ്ട്. മെക്സിക്കൻ അതിർത്തിയിലേക്ക് 1500 സൈനികരെ കൂടി വിന്യസിക്കാൻ നടപടി തുടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more