കൊച്ചി: ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. റിതു ആദ്യം വിനീഷയെയാണ് അക്രമിച്ചത്. ഇതിനു പിന്നാലെ വേണുവിനെയും ഉഷയെയും അക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചതെന്നും പൊലീസ് പറഞ്ഞു.
നിലവില്‍ ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ച് നടക്കും. ബന്ധു വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം അഞ്ച് മണിക്ക് മുരിക്കും പാടം ശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാരം.
അതേസമയം ചേന്ദമംഗലം കൂട്ടക്കൊലയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 17 അംഗം സംഘം കേസ് അന്വേഷിക്കും. പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്ന ടീമില്‍ പുതുതായി അഞ്ചുപേരെ കൂടി നിയോഗിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തൊട്ടുപിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. റിതുവിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ജിതിനെ അക്രമിക്കാന്‍ തീരുമാനിച്ചാണ് റിതു എത്തിയത്. സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്നാണ് റിതുവിന്റെ മൊഴി. മരിച്ചവരെയും ജിതിനെയും കൂടാതെ രണ്ട് പെണ്‍കുട്ടികളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് പരിക്കില്ല. റിതുവിനെതിരെ സമീപവാസികള്‍ക്കെല്ലാം പരാതിയുണ്ട്.
കൊല്ലപ്പെട്ട കുടുംബം ഉള്‍പ്പെടെ പലരും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ മാനസിക രോഗത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ അക്രമം നടത്തിയത്.
click on malayalam character to switch languages