1 GBP = 105.75
breaking news

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ചാലക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു.

എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇന്ന് മുതൽ തൽസമയ ബുക്കിംഗ് കൗണ്ടറുകൾ നിലക്കലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും.

ഇന്നുമുതൽ 11 വരെ തത്സമയ ബുക്കിംഗ് 5000 മാത്രമായിരിക്കും. വെർച്വൽ ക്യൂ വഴിയുള്ള പ്രവേശനം ജനുവരി 13ന് 50,000,14 ന് 40000 എന്നിങ്ങനെ പരിമിതപ്പെടുത്തും.

തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും പാചകം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പാചക ഉപകരണങ്ങൾ പമ്പയിൽ വാങ്ങി വെയ്ക്കും. തീർത്ഥാടകർ മടങ്ങുമ്പോൾ അവ വാങ്ങി പോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും എഡിഎം വ്യക്തമാക്കി.

തീർത്ഥാടകർ തമ്പടിക്കുന്ന വലിയാനവട്ടത്ത് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. വനത്തിൽ അതിക്രമിച്ചു കയറിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് 14 ന് സന്നിധാനത്ത് എത്തിച്ചേരുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. രാജപ്രതിനിധി മലയിറങ്ങുന്നതോടെ നട അടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് ഉള്ള വരവ് ഒഴിവാക്കണമെന്നും പി എസ് പ്രശാന്ത് അഭ്യർത്ഥിച്ചു. 15ന് ശേഷം ഇവർക്കെല്ലാം സുഖദർശനം ലഭിക്കും. ജനുവരി 14, 15 ദിവസങ്ങളിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more