ദില്ലി: കഴിഞ്ഞ 10 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് കണക്ക്. പാർലമെൻ്റിൽ കേന്ദ്രസർക്കാരാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആറര ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്നും ആകെയുള്ള വായ്പാ കുടിശികയുടെ ഒരു ശതമാനം മാത്രമാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയതെന്നും റിപ്പോർട്ട് പറയുന്നു.
2023-24 സാമ്പത്തിക വർഷം മാത്രം ₹1.7 ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തുവർഷത്തിനിടെ 2 ലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് 94,702 കോടി രൂപ എഴുതിത്തള്ളി. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപ എഴുതിത്തള്ളി. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2.4 ലക്ഷം കോടി എഴുതിത്തള്ളിയിരുന്നു.
അതേസമയം പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വിഹിതം ഇടിഞ്ഞെന്നും കണക്ക് പറയുന്നു. 2023 മാർച്ച് 31ലെ കണക്ക് പ്രകാരം 54 ശതമാനമായിരുന്നു വായ്പാ വിഹിതം. ഇത് 2024 മാർച്ചിൽ 51 ശതമാനമായി കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 2024 സെപ്റ്റംബർ 30 വരെ 3,16,331 കോടി രൂപയാണ്. ആകെ കുടിശ്ശികയുള്ള വായ്പയുടെ 3.01% വരുമിത്. സ്വകാര്യ മേഖലാ ബാങ്കുകൾക്ക് ₹1,34,339 കോടിയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരമുള്ള നിഷ്ക്രിയ ആസ്തി.
വായ്പകൾ എഴുതിത്തള്ളിയത് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങളും ബാങ്കുകളുടെ ബോർഡുകൾ അംഗീകരിച്ച നയവും അനുസരിച്ചാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻ്റിൽ വിശദീകരിച്ചു. തിരിച്ചടവ് ലഭിക്കാത്ത വായ്പകളിൽ ജപ്തിടയക്കമുള്ള വീണ്ടെടുക്കൽ നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു. എഴുതിത്തള്ളലിനിടയിലും പൊതുമേഖലാ ബാങ്കുകൾ 2024 സാമ്പത്തിക വർഷത്തിൽ 1.41 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ലാഭം നേടി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 85,520 രൂപയുടെ ലാഭവും രേഖപ്പെടുത്തി.
click on malayalam character to switch languages