1 GBP = 106.73
breaking news

സിറിയയിലെ തന്ത്രപ്രധാന ആയുധ സംവിധാനങ്ങൾ നശിപ്പിച്ചെന്ന് ഇസ്രയേൽ

സിറിയയിലെ തന്ത്രപ്രധാന ആയുധ സംവിധാനങ്ങൾ നശിപ്പിച്ചെന്ന് ഇസ്രയേൽ

ടെൽഅവീവ്: ബാഷ‍‍ർ അൽ-അസദ് ഭരണകൂടത്തിൻ്റെ എൺപത് ശതമാനത്തോളം സൈനിക സംവിധാനങ്ങളും തക‍ർ‌ത്തതായി ഇസ്രയേൽ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സിറിയയിൽ ആക്രമണം ആരംഭിച്ചത്. സിറിയൻ ഭരണകൂടത്തിൻ്റെ ആയുധങ്ങൾ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം എന്നായിരുന്നു ഇസ്രയേലിൻ്റെ അവകാശവാദം. ബാഷർ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് ഇസ്രയേൽ സിറിയയിൽ നടത്തിയത്.

ഇതിന് പിന്നാലെ സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളിൽ ഭൂരിഭാ​ഗവും തകർത്തുവെന്നാണ് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അവകാശപ്പെട്ടിരിക്കുന്നത്. കടലിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകൾ, ആയുധനി‍ർമ്മാണ കേന്ദ്രങ്ങൾ, വിമാനവേധ മിസൈലുകൾ, സിറിയൻ നാവിക കേന്ദ്രങ്ങളുടെ കരുത്തായിരുന്ന 15 നാവികസേനാ കപ്പലുകൾ എന്നിവ തകർത്തുവെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. സിറിയയിൽ ആക്രമണം നടത്തുന്ന വീഡിയോയും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പങ്കുവെച്ചു.

നേരത്തെ ഇസ്രയേലിന് പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഐഎസ് ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം.

സിറിയയുമായുള്ള 1974-ലെ വെടിനിർത്തൽ കരാർ പ്രകാരം സ്ഥാപിച്ച ഗോലാൻ കുന്നുകളിലെ ബഫർ സോണിൻ്റെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തതായി നേരത്തെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. സിറിയയിൽ വിമതസൈന്യം അധികാരം പിടിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേസിൻ്റെ നടപടി. ദീർഘകാലമായി നിലനിന്നിരുന്ന കരാർ ഇല്ലാതായെന്നും സിറിയൻ സൈന്യം ഈ പ്രദേശം ഉപേക്ഷിച്ചെന്നും അതാണ് ഇവിടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിൻ്റെ തീരുമാനത്തിലേക്ക് നയിച്ചെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്.

ബാഷ‍ർ അൽ-അസദിനെ പുറത്താക്കിയതെ ചരിത്രപരമായ ദിവസമെന്നും നെതന്യാഹു വിശേഷിപ്പിച്ചിരുന്നു. ഇത് ഇറാനും അസദിൻ്റെ പ്രധാന അനുയായികളായ ഹിസ്ബുള്ളയ്ക്കും ഞങ്ങൾ ഏൽപ്പിച്ച പ്രഹരത്തിൻ്റെ നേരിട്ടുള്ള ഫലമാണെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. 1967-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ഇസ്രായേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തിരുന്നു. അമേരിക്ക ഒഴികെയുള്ള അന്താരാഷ്ട്ര സമൂഹം ഇത് അധിനിവേശ സിറിയൻ പ്രദേശമായാണ് കണക്കാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more