1 GBP = 106.56
breaking news

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരൂപണം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പെറ്റിഷൻ ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലാണ് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുന്നത്.

അഭിഭാഷകനായ വിജയൻ സുബ്രഹ്മണ്യൻ മുഖേനയാണ് ടിഎഫ്എപിഎ കേസ് ഫയൽ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതുതായി റിലീസ് ചെയ്ത സിനിമകൾ അവലോകനം ചെയ്യുമ്പോൾ ഓൺലൈൻ സിനിമാ നിരൂപകർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിട്ട് ഹർജി ഇന്ന് ജസ്റ്റിസ് എസ്.സൗന്തർ പരിഗണിക്കും.

സിനിമാ നിരൂപണങ്ങളുടെ പേരിൽ വ്യക്തിഹത്യയും വിദ്വേഷവും വളർത്തുന്നതിനെ തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നേരത്തെ നാല് പേജ് നീണ്ട പ്രസ്താവനയിൽ അപലപിച്ചിരുന്നു. ഇന്ത്യൻ 2, വേട്ടയ്യൻ, കങ്കുവ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളെ YouTube FDFS പൊതു നിരൂപണങ്ങൾ വളരെയധികം ബാധിച്ചുവെന്നും തിയേറ്ററുകളിൽ യൂട്യൂബർമാരെ നിരോധിക്കണമെന്നും തമിഴ്‌നാട് ചലച്ചിത്ര നിർമ്മാതാക്കൾ കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, തീയേറ്ററുകളിലെ പരാജയത്തിന് ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യയുടെ കങ്കുവ ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബർ 13 ന് ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും.കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

നവംബർ 14 നായിരുന്നു ചിത്രം വേൾഡ് വൈഡ് റിലീസായത്. ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more