1 GBP = 108.26
breaking news

ദീർഘകാലം ഗസ്സയിൽ സൈന്യം തുടരുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ മന്ത്രി

ദീർഘകാലം ഗസ്സയിൽ സൈന്യം തുടരുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ മന്ത്രി

ജറൂസലം: ദീർഘകാലം ഗസ്സയിൽ സൈന്യം തുടരുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ മന്ത്രിയും സുരക്ഷ മന്ത്രിസഭാംഗവുമായ അവി ഡിച്ചർ. മേഖലയിൽ ഹമാസിന്റെ തിരിച്ചുവരവിനെതിരെയുള്ള നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ പിടിച്ചെടുത്ത നെറ്റ്സരിം ഇടനാഴിയിലായിരിക്കും സൈനിക സാന്നിധ്യം തുടരുക. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ സമാനരീതിയിൽ മേഖലയെ നിയന്ത്രിക്കുമെന്നും ഡിച്ചർ മുന്നറിയിപ്പ് നൽകി.

നെറ്റ്സരിം ഇടനാഴിയിൽ ഇനി ഒരു കെട്ടിടവും തകർക്കാൻ ബാക്കിയില്ലെന്നും വർഷങ്ങളോളം സൈനിക സാന്നിധ്യം നിലനിർത്തുകയാണ് ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ പല ഭാഗങ്ങളിൽനിന്നും താമസക്കാരെ ഇസ്രായേൽ ഒഴിപ്പിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേലിന്റേത് വംശഹത്യയാണെന്ന യു.എൻ റിപ്പോർട്ടിന് പിന്നാലെയാണ് ആഭ്യന്തര സുരക്ഷ സർവിസ് ഏജൻസിയായ ഷിൻ ബെതിന്റെ മുൻ തലവനായിരുന്ന ഡിച്ചർ നിലപാട് വ്യക്തമാക്കുന്നത്. ഒരു വർഷത്തിലേറെയായി തുടരുന്ന ആക്രമണം അവസാനിപ്പിച്ച് ഗസ്സയിൽനിന്ന് സൈന്യം പൂർണമായും പിന്മാറണമെന്ന ഫലസ്തീൻ ജനതയുടെ ആവശ്യം ഇസ്രായേൽ അംഗീകരിക്കില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ നൽകുന്ന സൂചന.

അടുത്തവർഷം അവസാനം വരെയെങ്കിലും മേഖലയിൽ തുടരാനുള്ള തയാറെടുപ്പിലാണ് സൈന്യമെന്നാണ് ഇസ്രായേൽ പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി മധ്യ, ഉത്തര ഗസ്സയിൽ പുതിയ നിരവധി സൈനിക താവളങ്ങൾ തുറന്നതായും റോഡുകളുടെ വീതി വർധിപ്പിച്ചതായും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ 70 ദിവസങ്ങളിൽ അധികവും ഈ മേഖലയിൽ സൈനിക താവളങ്ങൾ നിർമിക്കാൻവേണ്ടി ഫലസ്തീനികളുടെ വീടുകൾ തകർക്കാനാണ് ചെലവഴിച്ചതെന്നാണ് ഇസ്രായേലിന്റെ ഒരു ഉദ്യോഗസ്ഥൻ തുറന്നു പറഞ്ഞത്. അതിശക്തമായ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് നെറ്റ്സരിം ഇടനാഴിയിലെ വീടുകൾ തകർത്തത്.

ഒരു വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ വംശഹത്യയിൽ ഇതുവരെ 44,363 ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ മാത്രം ഗസ്സ മുനമ്പിൽ 33 പേർ കൊല്ലപ്പെടുകയും 137 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, ഗസ്സയിൽ 22 ലക്ഷം ജനങ്ങൾ പട്ടിണിയിലാണെന്നും വൻ ദുരന്തത്തിന്റെ വക്കിലാണെന്നും യു.എൻ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more