1 GBP = 106.56
breaking news

ഏഴാം വയസ്സിൽ കിഡ്നാപ്പേഴ്സിൻ്റെ പിടിയിൽ; മുപ്പത് കൊല്ലത്തിന് ശേഷം സിനിമാക്കഥ പോലൊരു രക്ഷപ്പെടൽ

ഏഴാം വയസ്സിൽ കിഡ്നാപ്പേഴ്സിൻ്റെ പിടിയിൽ; മുപ്പത് കൊല്ലത്തിന് ശേഷം സിനിമാക്കഥ പോലൊരു രക്ഷപ്പെടൽ

ന്യൂഡല്‍ഹി: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു തട്ടിക്കൊണ്ട് പോകൽ കേസ് നടന്നിട്ട് ഇന്നലെ ഒരു വര്‍ഷം തികഞ്ഞിരുന്നു. ഒരു വർഷം മുമ്പായിരുന്നു അഭിഗേല്‍ സാറാ റെജി എന്ന എട്ടുവയസ്സുകാരിയെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കുടുംബം തട്ടികൊണ്ടുപോവുകയും ഗത്യന്തരമില്ലാതെ പിറ്റേന്ന് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഉറക്കമില്ലാത്ത ഒരു രാവും പകലുമായിരുന്നു മലയാളിക്ക് അത്.

ഇതേ ദിവസം തന്നെ അതിജീവനത്തിന്റെ മറ്റൊരു കഥയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും വരുന്നത്. ഏഴാമത്തെ വയസ്സില്‍ ഒരു സംഘം തട്ടികൊണ്ടുപോയ രാജു എന്നയാള്‍ മുപ്പത് വര്‍ഷത്തിന് ശേഷം കുടുംബത്തിന്റെ സ്നേഹവായ്പിലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് രാജുവിന് മുപ്പത്തിയേഴ് വയസ്സാണ്. കടന്ന് പോയത് അതിജീവനത്തിന്റെ മൂന്ന് പതിറ്റാണ്ടുകാലം. അരക്ഷിതാവസ്ഥയുടെയും ഒറ്റപ്പെടലിന്റേയും മുപ്പത് വര്‍ഷങ്ങള്‍ക്ക് രാജു രക്ഷപെട്ടെത്തിയ അനുഭവം സിനിമാക്കഥ പോലെ ആകാംക്ഷ നിറഞ്ഞതാണ്.

1993 സെപ്തംബര്‍ 8 നാണ് രാജുവിനെ ഒരു സംഘം തട്ടികൊണ്ടുപോകുന്നത്. അന്ന് ഏഴ് വയസ്സായിരുന്നു അദ്ദേഹത്തിന്. സ്‌കൂള്‍ വിട്ട് സഹോദരിക്കൊപ്പം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. രക്ഷിതാക്കള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. നാടാകെ തിരഞ്ഞിട്ടും രാജുവിനെ കിട്ടാതായതോടെ പരാതി ഫയലില്‍ പൊടിപിടിച്ചു കിടന്നു.

‘രാജസ്ഥാനിലേക്ക് അവര്‍ എന്നെ കൊണ്ടുപോയത്. ഇത്രയും കാലം അവിടെയായിരുന്നു. തല്ലുകൊള്ളാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. നിര്‍ബന്ധിച്ച് പണിയെടുപ്പിക്കും. വൈകുന്നേരം കിട്ടുന്ന ഒരു റൊട്ടിയിലാണ് വിശപ്പടക്കിയത്. രാത്രിയില്‍ കെട്ടിയിടുന്നതിനാല്‍ രക്ഷപ്പെടാനാകില്ലായിരുന്നു’ രാജു ഓര്‍ത്തെടുത്തു.

ഒടുക്കം തക്കംപാത്ത് കിഡ്‌നാപ്പേര്‍സില്‍ നിന്നും രക്ഷപ്പെട്ട് കിട്ടിയ ട്രക്കില്‍ കയറി ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടതാണ് രാജു. അപ്പോഴേക്കും രാജുവിന് ഡല്‍ഹി തികച്ചും അപചിതമായിരുന്നു. എത്തിപ്പെട്ട നഗരത്തെക്കുറിച്ചോ ജനിച്ച ഗ്രാമത്തെക്കുറിച്ചോ ഓര്‍ക്കുമ്പോള്‍ ശൂന്യത മാത്രമായിരുന്നു മുന്നില്‍.

തലസ്ഥാനത്തെത്തിയ രാജു പല പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. പക്ഷെ ആരില്‍ നിന്നും സഹായം ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രതീക്ഷ അപ്പോഴും അകലെയായിരുന്നില്ല. അഞ്ച് ദിവസത്തിന് ശേഷമാണ് അദ്ദേഹം ഖോഡ പൊലീസ് സ്റ്റേഷനിലെത്തുന്നത്. പൊലീസുകാരെ കാര്യങ്ങള്‍ ധരിപ്പിച്ചു. തികച്ചു വ്യത്യസ്തമായ അനുഭവമായിരുന്നു ഖോഡ സ്റ്റേഷനില്‍ നിന്നും ലഭിച്ചത്. അവര്‍ രാജുവിന് ഭക്ഷണവും വസ്ത്രവും ഷൂസും നല്‍കി. ഒപ്പം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലൂം രാജുവിനെക്കുറിച്ചുള്ള വാര്‍ത്ത നല്‍കി.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട രാജുവിന്റെ അമ്മാവനാണ് സ്റ്റേഷനില്‍ ബന്ധപ്പെടുന്നത്. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ പോസിറ്റീവായിരുന്നു. അങ്ങനെ മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ രാജു തന്റെ കുടുംബത്തിന്റെ തണലിലേക്ക് എത്തി. സന്തോഷം മാത്രമാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് രാജു പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more