ലണ്ടൻ: യു.കെയിലെ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 20.4 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് യു.കെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓഫിസ് ഫോർ സ്റ്റുഡന്റ്സ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. കുടിയേറ്റക്കാരുടെ ചുമതലയുള്ള ഹോം ഓഫിസിന്റെ രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ 28,585 വിദ്യാർഥികളുടെ കുറവുണ്ടായി. അതായത് 1,39,914 വിദ്യാർഥികളിൽനിന്ന് 1,11,329 ആയി എണ്ണം കുറഞ്ഞു. യു.കെയിൽ തൊഴിലവസരങ്ങൾ കുറഞ്ഞതും സമീപകാലത്തെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളുമാണ് ഇന്ത്യൻ വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തിയത്.
ഇന്ത്യക്ക് പുറമെ നൈജീരിയയിൽനിന്ന് 25,897 വിദ്യാർഥികൾ കുറഞ്ഞു. ഇങ്ങനെ പോയാൽ, ഇന്ത്യയിൽനിന്നടക്കമുള്ള വിദ്യാർഥികളുടെ വരുമാനം മാത്രം ആശ്രയിക്കുന്ന സർവകലാശാലകളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
അതേസമയം, വിദേശ വിദ്യാർഥികൾക്ക് അവരുടെ പങ്കാളിയെ കൂടെ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാതെ ഈ അവസ്ഥയിൽ മാറ്റം വരില്ലെന്ന് ഇന്ത്യൻ നാഷനൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യു.കെ പ്രസിഡന്റ് അമിത് തിവാരി പറഞ്ഞു.
click on malayalam character to switch languages