കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി നല്കുക.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കിണാവൂർ സ്വദേശി രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു(38), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) എന്നിവരാണ് വെടിക്കെട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. സന്ദീപിന് 90 ശതമാനമാണ് പൊള്ളലേറ്റത്. വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കാണ് പരുക്കേറ്റത്. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയുമായിരുന്നു.
കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടക്കുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രം. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്ദുർഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചിരുന്നു.
click on malayalam character to switch languages