1 GBP = 106.11

നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും


കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും.മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്.

പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കമ്പപ്പുരയ്ക്ക് ചുറ്റും ക്ഷേത്രപരിസരത്തുമായി ഈ സമയം മൂവായിരത്തോളം പേർ ഉണ്ടായിരുന്നു. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. തിക്കിലും തിരക്കിലുപ്പെട്ടും നിരവധി പേർക്ക് പരുക്കേറ്റു. നൂറ്റമ്പതോളം പേർക്കാണ് ആകെ പരുക്ക്. പതിമൂന്ന് ആശുപത്രികളിലായി 101 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇന്ന് നാലുപേർ കൂടി ആശുപത്രി വിട്ടു. ഇനി ഐസിയുവിൽ ഉള്ളത് 29 പേരാണ്.വെന്റിലേറ്ററിൽ തുടരുന്നത് ഏഴുപേരും. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അതേസമയം, സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികളായ 5 ക്ഷേത്ര ഭാരവാഹികൾക്ക് നേരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ എട്ട് പേരെ പൊലീസ് കേസിൽ പ്രതി ചേർത്തെങ്കിലും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ്‌ എന്നിവരാണ് അറസ്റ്റിലായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more