1 GBP = 106.56
breaking news

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം’ ; നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം’ ; നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോന്നി തഹസില്‍ദാര്‍ കൂടിയായ മഞ്ജുഷ പറഞ്ഞു.

ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിന് മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്‍ക്വസ്റ്റും നടത്തി. അതില്‍ വീഴ്ചയുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. സ്റ്റാഫ് കൗണ്‍സില്‍ നടത്തുന്ന യോഗമായിരുന്നു. അങ്ങനെയൊരു വ്യക്തിയെ കളക്ടര്‍ അവിടെ കൊണ്ടുവന്നിരുത്തി സംസാരിക്കുകയോ ലോക്കല്‍ ചാനലിനെ കൊണ്ട് അവിടെ വന്ന് റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയോ ചെയ്തത് ശരിയായില്ല. കളക്ടര്‍ അതില്‍ ഇടപെടേണ്ടതായിരുന്നു. കളക്ടര്‍ ആയിരുന്നു യോഗത്തിലെ അധ്യക്ഷന്‍ – മഞ്ജുഷ വ്യക്തമാക്കി. ആ ഒരു വേദിയിലല്ല ഇക്കാര്യം സംസാരിക്കേണ്ടിയിരുന്നതെന്നും കളക്ടര്‍ക്ക് അതിനായി വേറൊരു വേദി ഒരുക്കാമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദിവ്യ അവിടെ വരുമെന്ന കാര്യം കളക്ടര്‍ക്ക് അറിയാമായിരുന്നോ എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ പറഞ്ഞു.

റവന്യു വകുപ്പില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്റെ ഭര്‍ത്താവായത് കൊണ്ട് പറയുകയല്ല. ആര്‍ക്കായാലും എന്ത് സംശയം ചോദിച്ചാലും പറഞ്ഞ് കൊടുക്കുന്നയാളാണ്. ഞാന്‍ ഇപ്പോള്‍ കോന്നി തഹസില്‍ദാരാണ്. ഓരോ ദിവസവും അദ്ദേഹത്തോട് സംശയ നിവാരണം നടത്തുമായിരുന്നു. ഫയലുകള്‍ കൃത്യമായി നോക്കിക്കൊണ്ടിരുന്ന വ്യക്തിയാണ്. ഏത് മേലുദ്യോഗസ്ഥര്‍ക്കും ഇക്കാര്യം അറിയാം. അതാണല്ലോ ദിവ്യ അയ്യരും പിബി നൂഹും എല്ലാം പറഞ്ഞത് മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ നവീന്‍ ബാബുവിന് വളരെ മാനസിക വിഷമം ഉണ്ടായിരുന്നുവെന്നും മഞ്ജുഷ പറയുന്നു. ഫയലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. നവീന്‍ മനപ്പൂര്‍വം കാലതാമസം വരുത്തിയതല്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ടൗണ്‍ പ്ലാനിംഗില്‍ നിന്നുള്ള റിപ്പോര്‍ട്ട് വരാന്‍ വൈകിയത് കൊണ്ടാണ് ഫയലില്‍ കാലതാമസം വന്നത്. ഇതൊക്കെ എല്ലാവര്‍ക്കും മനസിലായല്ലോ? മഞ്ജുഷ വ്യക്തമാക്കി.

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരിക്കുകയാണ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം – കെ നവീന്‍ ബാബുവിന്റെ ആത്മഹത്യ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more