1 GBP = 106.56
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എസ്എംസിഎ യോവിൽ ചാമ്പ്യന്മാർ; ജി എം എ രണ്ടാം സ്ഥാനത്ത്; എയ്ൽസ്ബറി മലയാളി സമാജം മൂന്നാമത്; മിഷേൽ മെറിൻ ബേബി കലാതിലകം; ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ് കലാപ്രതിഭ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എസ്എംസിഎ യോവിൽ ചാമ്പ്യന്മാർ; ജി എം എ രണ്ടാം സ്ഥാനത്ത്; എയ്ൽസ്ബറി മലയാളി സമാജം മൂന്നാമത്; മിഷേൽ മെറിൻ ബേബി കലാതിലകം; ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ് കലാപ്രതിഭ

സാലിസ്ബറി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച സാലിസ്ബറി സൗത്ത് വിൽറ്റ്സ് ഗ്രാമർ സ്‌കൂളിൽ അരങ്ങേറിയ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ എസ്എംസിഎ യോവിൽ ചാമ്പ്യന്മാരായി. ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ ജി എം എ രണ്ടാം സ്ഥാനത്തും എയ്ൽസ്ബറി മലയാളി സമാജം മൂന്നാം സ്ഥാനത്തുമെത്തി. സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ മിഷേൽ മെറിൻ ബേബി കലാതിലകമായപ്പോൾ ഗ്ലോസ്റ്റെര്ഷെയര് മലയാളി അസോസിയേഷന്റെ ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ് കലാപ്രതിഭയുമായി.

മത്സരഫലങ്ങൾ എത്തിത്തുടങ്ങിയപ്പോൾ തന്നെ ഉദ്യോഗജനകമായ നിമിഷങ്ങളായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിലുമെത്തിയ അസോസിയേഷനുകൾ കാഴ്ച്ച വച്ചത്. പൂർണ്ണ ഫലമെത്തിയപ്പോൾ 120 പോയിന്റുമായി എസ്എംസിഎ ചാമ്പ്യൻ പട്ടണിഞ്ഞപ്പോൾ ജി എം എ 113 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 106 പോയിന്റ് നേടി എയ്ൽസ്ബറി മലയാളി സമാജം മൂന്നാം സ്ഥാനത്തുമെത്തി. മോണോആക്ടിലും ഫോക്‌ഡാൻസിലും ഒന്നാം സ്ഥാനവും ഗ്രൂപ്പിനത്തിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനവും നേടി പതിനൊന്ന് പോയിന്റുമായാണ് ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷന്റെ ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ് കലാപ്രതിഭയായത്. അതേസമയം ഭരതനാട്യത്തിലും ഫോക്ഡാന്സിലും ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനവും മാർഗംകളിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി പതിനഞ്ചര പോയിന്റുമായാണ് മിഷേൽ മെറിൻ ബേബി കലാതിലകമായത്. മിഷേൽ മെറിൻ ബേബി തന്നെയാണ് നാട്യമയൂരം പുരസ്കാരവും കരസ്ഥമാക്കിയത്. ഐ എം എ ബാൻബറിയുടെ ഡിയോൺ റ്റിജുവും എസ്എംസിഎയുടെ ഇഷാൻ രാജേഷ് നായരും ഭാഷാകേസരി പുരസ്‌കാരം പങ്കിട്ടു.

കിഡ്‌സ് വിഭാഗത്തിൽ മിക്മയുടെ കരോളിന വെസ്റ്റിൻ വ്യക്തിഗത ചാമ്പ്യനായപ്പോൾ എസ്എംസിഎയുടെ മിഷേൽ മെറീന ബേബിയാണ് സബ്ജൂനിയർ വിഭാഗത്തിൽ ചാമ്പ്യനായത്. ജൂനിയർ ഐ എം എ ബാൻബറിയുടെ ഡിയോൺ റ്റിജു ചാപ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ ജി എം എ യുടെ ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ്, ഐ എം എ ബാൻബറിയുടെ അക്ഷയ് ധനഞ്ജയ്, വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ രജിത നമ്പിയാർ എന്നിവർ ചാമ്പ്യൻ പട്ടം പങ്കിട്ടെടുത്തു.

സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച കലാമേളയിൽ രാവിലെ എട്ടുമണിയോടെ തന്നെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. ഒൻപതരയോടെ തന്നെ എല്ലാ വേദികളിലും മത്സരങ്ങൾ ആരംഭിച്ചിരുന്നു. പതിനൊന്ന് മണിക്ക് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡണ്ട് ഡോ ബിജു പെരിങ്ങത്തറ കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറും മുൻ യുക്മ നാഷണൽ സെക്രട്ടറിയുമായ സജീഷ് ടോം ആശംസകൾ നേർന്നു. ചടങ്ങിൽ റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് സ്വാഗതം ആശംസിച്ചു. റീജിയണൽ ട്രഷറർ രാജേഷ് രാജ്, വൈസ് പ്രസിഡന്റ് ജിജു യോവിൽ, ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ, എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി, പ്രസിഡന്റ് ജോബിൻ ജോൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സമാപന സമ്മേളനത്തിൽ തുടർച്ചായി രണ്ടു തവണ ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട യുക്മ മുൻ നാഷണൽ സെക്രട്ടറി കൂടിയായ ശ്രീ സജീഷ് ടോമിന് സൗത്ത് വെസ്റ്റ് റീജിയണിന് വേണ്ടി നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും റീജിയണൽ പ്രസിഡന്റ് സുജു ജോസെഫും പൊന്നാടയണിയിച്ച് ആദരവ് രേഖപ്പെടുത്തി.

ദേവലാൽ സഹദേവൻ, ബിജോയ് വർഗ്ഗീസ് തുടങ്ങിയവർ മത്സരവേദികളിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ വിവിധ സ്റ്റേജുകൾ നിയന്ത്രിച്ചത്
സിൽവി ജോസ്, ജിന്റോ ജോൺ, കുര്യാച്ചൻ സെബാസ്റ്റ്യൻ, സജിമോൻ സേതു, ഗിരീഷ് കുമാർ, മനോജ് വേണുഗോപാൽ, ദിലി ജോസ്, ശാലിനി കുര്യൻ എന്നിവരായിരുന്നു. ജിജു യോവിൽ, ഉമ്മൻ ജോൺ, ജോസ് കെ ആന്റണി, ജോബിൻ ജോൺ, ജയ്‌വിൻ ജോർജ്ജ്, ഷീന ജോബിൻ, ഷൈബി സെബാസ്റ്റിയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റിസപ്‌ഷൻ കമ്മിറ്റി പ്രവർത്തിച്ചത്. ബാക് ഓഫീസ് നിയന്ത്രണം കുര്യൻ ഫിലിപ്പ്, അലക്സ് രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഫോട്ടോഗ്രാഫി അബിൻ ജോർജ്ജും ശബ്ദസംവിധാനം ശ്രീജേഷ് ടി സലിമിന്റെ നേതൃത്വത്തിലായിരുന്നു. മട്ടാഞ്ചേരി റെസ്റ്റോറന്റ് മുഴുവൻ സമയവും ഭക്ഷണ ശാല ഒരുക്കിയിരുന്നു.

380 മത്സരാർത്ഥികളുൾപ്പെടെ അറുന്നൂറോളം പേർ പങ്കെടുത്ത കലാമേളയ്ക്ക് ലൈഫ് ലൈൻ പ്രൊട്ടക്ട്, ടിഫിൻ ബോക്സ്, പോൾ ജോൺ& കോ സോളിസിറ്റേഴ്സ്, ഫസ്റ്റ് കോൾ ഹെൽത്ത് കെയർ റിക്രൂട്ടിങ്, ജെ പി എം സോഫ്റ്റ്വെയർ, മട്ടാഞ്ചേരി റെസ്റ്റോറന്റ് തുടങ്ങിയവരായിരുന്നു സ്പോണ്സർമാരായെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more