1 GBP = 106.56
breaking news

കാനഡയിലൊരു ജീവിതം പതിയെ സ്വപ്നം മാത്രമാകും; വിദ്യാർത്ഥികൾക്കും പിആർ ലക്ഷ്യമിടുന്നവർക്കും ട്രൂഡോ വക ‘പണി’ !

കാനഡയിലൊരു ജീവിതം പതിയെ സ്വപ്നം മാത്രമാകും; വിദ്യാർത്ഥികൾക്കും പിആർ ലക്ഷ്യമിടുന്നവർക്കും ട്രൂഡോ വക ‘പണി’ !

ഒട്ടാവ: കാനഡയിൽ മികച്ച ജീവിതം എന്ന, ഇന്ത്യക്കാരടക്കമുള്ള നിരവധി പേരുടെ സ്വപ്നത്തിന് തിരിച്ചടിയായേക്കാവുന്ന തീരുമാനവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ . അടുത്ത രണ്ട് വർഷത്തിൽ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കാനാണ് ട്രൂഡോ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും എല്ലാ കനേഡിയൻ ജനതയ്ക്കും കൃത്യമായ അവസരങ്ങൾ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും ട്രൂഡോ പറഞ്ഞു.

2024ൽ 4,85,000 ആയിരുന്ന പെർമെനന്റ് റെസിഡെൻഷ്യൻഷിപ്പ് വരും വർഷങ്ങളിലായി പതിയെ കുറച്ചുകൊണ്ടുവരാനാണ് കാനഡയുടെ നീക്കം. 2025ൽ 3,95,000 ആയും, 2026ൽ 3,80,000 ആയും, 2027ൽ 3,65,000 ആയും കുറച്ചേക്കും. ടെമ്പററി റെസിഡന്റ്സിന്റെ എണ്ണവും ഒറ്റയടിക്ക് 30,000ത്തോളമായി കുറയ്ക്കാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്.

ഇവയ്ക്കു പുറമെ, മികച്ച വിദ്യാഭ്യാസവും ലൈഫ്‌സ്‌റ്റൈലും സ്വപ്നം കണ്ടുവരുന്ന വിദേശവിദ്യാർത്ഥികൾക്ക് മുൻപാകെയും കാനഡ പതിയെ വാതിലടയ്ക്കുകയാണ്. മുൻ വർഷത്തേക്കാളും 35 ശതമാനം കുറവ് സ്റ്റുഡന്റ് പെർമിറ്റുകൾ നൽകിയാൽ മതിയെന്നാണ് ട്രൂഡോയുടെ തീരുമാനം. കൂടാതെ വരും വർഷങ്ങളിൽ പത്ത് ശതമാനം വീതം എണ്ണം കുറയ്ക്കാനും തീരുമാനമായി. തുറന്ന കുടിയേറ്റ നയം മൂലം രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രശ്നങ്ങളും വർധിച്ചുവരുന്നുവെന്ന കനേഡിയൻ ജനതയുടെ പരാതികളിന്മേലുളള നടപടിയാണ് ട്രൂഡോ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്ന് മാസങ്ങൾക്ക് മുൻപേ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല.വിസകൾ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോയിരുന്നു. ജൂലൈയിൽ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ് സർക്കാർ റദ്ദാക്കിയത്. ഇവരിൽ വിദ്യാർത്ഥികൾ, ജോലി തേടിയെത്തിയവർ, ടൂറിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. ഈ വർഷം ആദ്യം മുതൽക്കേ ട്രൂഡോ സർക്കാർ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകൾക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആ എണ്ണം ഇനി കൂടുമെന്നതാണ് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മനസിലാക്കാനാകുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more