1 GBP = 106.56
breaking news

മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്‌റ്റേ; നടപടികൾ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി

മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്‌റ്റേ; നടപടികൾ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ (എന്‍സിപിസിആര്‍) ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ പ്രവര്‍ത്തികളെയും കോടതി തടഞ്ഞു. എന്‍സിപിസിആറിന്റെ ഉത്തരവിനെതിരെ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയുമടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ബാലാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടിയെടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മദ്രസകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. റിപ്പോര്‍ട്ടിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു രാജ്യമൊട്ടാകെ നിന്നും ഉയര്‍ന്നത്.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്കുള്ള ധനസഹായം നിര്‍ത്താന്‍ സമിതി സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെടുകയായിരുന്നു. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ?’ എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലായിരുന്നു എന്‍സിപിസിആര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

മദ്രസകളുടെ പ്രാഥമിക ലക്ഷ്യം മതവിദ്യാഭ്യാസമാണെങ്കിലും, ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവശ്യ ഘടകങ്ങളായ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച അധ്യാപകര്‍, ശരിയായ അക്കാദമിക പാഠ്യപദ്ധതികള്‍ എന്നിവ പല മദ്രാസകളും നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more