1 GBP = 107.22
breaking news

15 വർഷത്തിനുള്ളിൽ ഏഴ് ആത്മഹത്യ, ആറ് മിസ്സിങ് കേസ്, ശ്മശാന നിർമാണം; ഇഷ കേന്ദ്രത്തിനെതിരെ പൊലീസ് റിപ്പോർട്ട്

15 വർഷത്തിനുള്ളിൽ ഏഴ് ആത്മഹത്യ, ആറ് മിസ്സിങ് കേസ്, ശ്മശാന നിർമാണം; ഇഷ കേന്ദ്രത്തിനെതിരെ പൊലീസ് റിപ്പോർട്ട്

ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തമിഴ്‌നാട് പൊലീസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇഷ യോഗ കേന്ദ്രത്തില്‍ നിന്നും നിരവധി പേരെ കാണാതായതിന്റെയും ആത്മഹത്യ ചെയ്തതിന്റെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സന്യാസി സഹോദരികളായ മാ മാതി, മാ മായു എന്നിവരുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു പൊലീസ്.

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഇഷ ഫൗണ്ടേഷന്റെ പരിധിയിലുള്ള ആലന്തുരൈ പൊലീസ് സ്റ്റേഷനില്‍ ആറ് മിസ്സിങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം ഒഴിവാക്കുകയും അതില്‍ ഒരെണ്ണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 15 വര്‍ഷത്തിനിടയില്‍ ഏഴ് ആത്മഹത്യ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ആവശ്യമുള്ള രണ്ട് കേസുകള്‍ അന്വേഷണത്തിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഹര്‍ജിയില്‍ സൂചിപ്പിച്ച സഹോദരികള്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നവരാണെന്നും മാതാപിതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം 10 ഫോണ്‍കോളുകള്‍ ഇരുവരും നടത്തിയിട്ടുണ്ട്. അതില്‍ മാ മാതിയും മാതാവും തമ്മില്‍ 70 ഫോണ്‍ കോളുകള്‍ നടന്നിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

‘സന്യാസത്തിന്റെ പാതയില്‍ ഞങ്ങള്‍ ഇഷ കേന്ദ്രത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നു. ഞങ്ങളെക്കുറിച്ചും ഇഷ കേന്ദ്രത്തെക്കുറിച്ചും പരസ്യമായി കളവ് പറയരുതെന്ന് മാതാപിതാക്കളോട് പറയണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ഞങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുത്’, എന്ന് സന്യാസി സഹോദരിമാര്‍ പൊലീസിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബര്‍ ഒന്നിന് അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡായ ഡി കുമനന്‍ വഴി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇഷ കേന്ദ്രത്തില്‍ 217 ബ്രഹ്‌മചാരികളും 2455 വൊളണ്ടിയര്‍മാരും 891 ശമ്പളത്തോട് കൂടിയുള്ള സ്റ്റാഫുകളും 147 ശമ്പളത്തോട് കൂടിയുള്ള ജോലിക്കാരും 342 ഇഷ ഹോം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും 175 ഇഷ സംസ്‌കൃതി വിദ്യാര്‍ത്ഥികളും വിദേശത്ത് നിന്നുള്ള 704 അതിഥികളും ഇഷ യോഗ കേന്ദ്രത്തിന്റെ കോട്ടേജില്‍ താമസിക്കുന്ന 912 അതിഥികളുമുണ്ടെന്ന് പറയുന്നു.

യോഗ കേന്ദ്രത്തിന്റെ അകത്തുള്ള കലാഭൈരവര്‍ തഗന മണ്ഡപത്തില്‍ ഒരു ശ്മശാനവും നിര്‍മിക്കുന്നുണ്ട്. ഫൗണ്ടേഷന് ചേര്‍ന്ന് സ്ഥലമുള്ള എസ് എന്‍ സുബ്രഹ്‌മണ്യന്‍ ശ്മശാനം പണിയരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം കോയമ്പത്തൂര്‍ സാമൂഹ്യ ക്ഷേമ വകുപ്പും മാനസിക രോഗ വിദഗ്ദരും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ഇഷ ഹോം സ്‌കൂളിലെയും സംസ്‌കൃതിയിലെയും 45 വിദ്യാര്‍ത്ഥികള്‍ക്ക് ചൈല്‍ഡ് ഹെല്‍പ്‌ലൈനിലെയും ബാലാവകാശത്തെയും പോക്‌സോ നിയമത്തിന്റെയും കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരവധി സ്ത്രീകളും സന്ദര്‍ശകരും ബ്രഹ്‌മചാരികളും സ്വമേധയാ ഇഷ കേന്ദ്രത്തില്‍ താമസിക്കുന്നതാണെന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ പോഷ് ആക്ടിന് കീഴിലുള്ള ആഭ്യന്തര പരാതി സെല്‍ (ഐസിസി) കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സൂചിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more