ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ മികച്ച സ്‌കോറുമായി ന്യൂസിലന്‍ഡിന്റെ മുന്നേറ്റം. സെഞ്ച്വറിയടിച്ച രച്ചിന്‍ രവീന്ദ്രയുടെയും അർധ സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ടിം സൗത്തിയുടെയും വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തില്‍ കിവികൾ സ്‌കോര്‍ 300 കടത്തിയിരിക്കുകയാണ്. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ഇന്ത്യയ്ക്കെതിരെ നിലവിൽ 299 റണ്‍സിന്റെ ശക്തമായ ലീഡാണ് കിവീസിനുള്ളത്. 125 പന്തിൽ 104 റണ്‍സുമായി രച്ചിനും 50 പന്തിൽ 49 റൺസുമായി സൗത്തിയുമാണ് ക്രീസിലുള്ളത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 46 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം പുനഃരാരംഭിച്ചത്. തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും പിന്നീട് സൗത്തിയെ കൂട്ടുപിടിച്ച് രച്ചിന്‍ തകർത്തടിച്ചതോടെ ടീം സ്‌കോര്‍ 300 കടന്നു.
മൂന്നാം ദിനത്തില്‍ ഡാരില്‍ മിച്ചല്‍ (18), ടോം ബ്ലന്‍ഡല്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (14), മാറ്റ് ഹെന്റി (8) എന്നിവരാണ് മടങ്ങിയത്. മിച്ചലിനെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ ടോം ബ്ലണ്ടലിനെ ബുംറയും മടക്കി. ടീം സ്‌കോര്‍ 200 കടത്തിയാണ് ബ്ലണ്ടലിന്റെ മടക്കം. പിന്നാലെയെത്തിയ ഗ്ലെന്‍ ഫിലിപ്‌സിനെയും മാറ്റ് ഹെന്റിയെയും രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.
ഇന്ത്യയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ ശ്രദ്ധയോടെയായിരുന്നു കിവീസ് താരങ്ങൾ ബാറ്റ് വീശിയത്. ഓപ്പണര്‍മാരായ ടോം ലാഥമും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് കിവീസിന് മികച്ച തുടക്കം നൽകി. ഇരുവരും ഓപ്പണിങ്ങില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 49 പന്തില്‍ 15 റണ്‍സെടുത്ത ലാഥമിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 73 പന്തില്‍ 33 റണ്‍സെടുത്ത വില്‍ യങ്ങിനെ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു. 105 പന്തില്‍ 91 റണ്‍സെടുത്ത ശേഷമാണ് ഡെവോണ്‍ കോണ്‍വേ പുറത്തായത്.
click on malayalam character to switch languages