സൻആ: യമൻ ആസ്ഥാനമായ ഹൂതി വിമതരുടെ ഭൂഗർഭ ആയുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണം നടത്തി യു.എസ്. ദീർഘദൂര ബി-2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം. യമന്റെ തലസ്ഥാനമായ സൻആയിലും സാദയിലും വ്യോമാക്രമണം നടന്നതായി ഹൂതികളുടെ അൽ മസീറ ചാനൽ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളെയോ ആളപായത്തെക്കുറിച്ചോ ഹൂതികൾ വിവരങ്ങൾ നൽകിയിട്ടില്ല.
ഹൂതി നിയന്ത്രണത്തിൽ അഞ്ച് പ്രധാന ആയുധകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രസ്താവനയിൽ അറിയിച്ചു.
എത്തിച്ചേരാൻ കഴിയില്ലെന്ന് എതിരാളികൾ പറയുന്ന കേന്ദ്രങ്ങൾ ആക്രമിക്കാൻ യു.എസിന് ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ആളപായമുണ്ടായതായ വിവരം യു.എസ് സൈന്യം പുറത്തുവിട്ടില്ല.
ഇസ്രായേൽ ഗസ്സ ആക്രമണം തുടങ്ങിയ ശേഷം ചെങ്കടലിൽ സഞ്ചരിച്ച 80ലേറെ കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു. ഗസ്സ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ, യു.എസ്, ബ്രിട്ടീഷ് ബന്ധമുള്ള കപ്പലുകളാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ഹൂതികളുടെ അവകാശവാദം. ഇസ്രായേലിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തിരുന്നു. യു.എസ് സൈന്യത്തിന്റെ എം.ക്യു-9 റീപർ ഡ്രോണുകളും ഹൂതികൾ വെടിവെച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ലബനാൻ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എസ് സൈനിക നീക്കം.
ബി-2 സ്പിരിറ്റ് ഉപയോഗിച്ചുള്ള ആക്രമണം ഹൂതികളെ പിന്തുണക്കുന്ന ഇറാനുള്ള താക്കീതാണെന്നാണ് സൂചന. ഇറാന്റെ സുപ്രധാനമായ നതാൻസ്, ഫോർദോ തുടങ്ങിയ ആണവ നിലയങ്ങൾക്ക് കനത്ത ആഘാതമുണ്ടാക്കാൻ കഴിയുന്ന ജി.ബി.യു-57 ആയുധം വഹിക്കാൻ ശേഷിയുള്ളതാണ് ബി-2 സ്പിരിറ്റ്. ഇതാദ്യമായാണ് അത്യാധുനിക ബി-2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ച് ഹൂതികൾക്കെതിരെ യു.എസ് ആക്രമണം നടത്തുന്നത്.
click on malayalam character to switch languages