1 GBP = 107.07
breaking news

പരമദയനീയം ഈ പതനം, ഇന്ത്യ 46ന് ഓള്‍ഔട്ട്; ബെംഗളൂരുവില്‍ ന്യൂസിലാന്‍ഡ് പേസര്‍മാരുടെ തേരോട്ടം

പരമദയനീയം ഈ പതനം, ഇന്ത്യ 46ന് ഓള്‍ഔട്ട്; ബെംഗളൂരുവില്‍ ന്യൂസിലാന്‍ഡ് പേസര്‍മാരുടെ തേരോട്ടം

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ് ഇന്ത്യ. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കേവലം 46 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്ത് (20), യശസ്വി ജയ്‌സ്‌വാള്‍ (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അതേസമയം അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വില്‍ ഒറൂര്‍ക്ക് നാല് വിക്കറ്റും വീഴ്ത്തി.

ബെംഗളൂരുവില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പത്ത് ഓവറുകള്‍ പിന്നിടും മുമ്പ് ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് പത്ത് ഓവറിന് മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലിയും സര്‍ഫറാസും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെയാണ് രോഹിത്തിന് മടങ്ങിയത്. 37 പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത്തിനെ ടിം സൗത്തി ബൗള്‍ഡാക്കുകയായിരുന്നു.

വണ്‍ഡൗണായി ക്രീസിലെത്തിയ കോഹ്ലി അതിവേഗം മടങ്ങി. ഒന്‍പത് പന്ത് നേരിട്ട താരത്തിന് റണ്‍സൊന്നുമെടുക്കാനായില്ല. ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ കോഹ്ലിയെ വില്‍ ഒറൂര്‍ക്ക് ഗ്ലെന്‍ ഫിലിപ്‌സിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാന്‍ മൂന്ന് പന്ത് നേരിട്ട് പൂജ്യനായി മടക്കി. മാറ്റ് ഹെന്റിയാണ് സര്‍ഫറാസിനെ പുറത്താക്കിയത്. ഇതിനിടെ മഴകാരണം മത്സരം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മഴയ്ക്കുശേഷം ഓപ്പണര്‍ ജയ്സ്വാളിനെ 21-ാം ഓവറില്‍ വില്‍ ഒറൂര്‍ക്ക് പുറത്താക്കി. 63 പന്തില്‍ ഒരു ബൗണ്ടറിയടക്കം 13 റണ്‍സെടുത്തായിരുന്നു ജയ്സ്വാളിന്റെ മടക്കം. രാഹുലിനെയും ഒറൂര്‍ക്ക് മടക്കിയപ്പോള്‍ ജഡേജയെ മാറ്റ് ഹെന്റിയും കൂടാരം കയറ്റി. ലഞ്ചിന് ശേഷം ഇന്ത്യയുടെ പതനം അതിവേഗമായി. രവിചന്ദ്രന്‍ അശ്വിന്‍ (0), റിഷഭ് പന്ത് (20), ജസ്പ്രീത് ബുംറ (1), കുല്‍ദീപ് യാദവ് (2) എന്നിവര്‍ അതിവേഗം മടങ്ങി. ഇതോടെ 31.2 ഓവറില്‍ 46 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. മുഹമ്മദ് സിറാജ് 16 പന്തില്‍ നാല് റണ്‍സുമായി പുറത്താവാതെ നിന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more