1 GBP = 106.79
breaking news

മെസിക്ക് ഹാട്രിക്; ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് ആറുഗോള്‍ ജയം

മെസിക്ക് ഹാട്രിക്; ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് ആറുഗോള്‍ ജയം


ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോട് സമനിലയില്‍ കളം വിടേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് കണ്ടെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ബൊളീവിയയെ പരാജയപ്പെടുത്തിയത്. ഗോളുകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റും മെസിയുടെ പേരില്‍ കുറിക്കപ്പെട്ടു. ആദ്യ പകുതിയില്‍ 19-ാം മിനിറ്റിലും പിന്നീട് 84, 86 മിനിറ്റുകളിലുമായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗത്താറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. ലൗത്താറോ മാര്‍ട്ടിനെസിന്റെ പാസ് സ്വീകരിച്ച് 19-ാം മിനിറ്റില്‍ മെസ്സി തന്നെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 43-ാം മിനിറ്റില്‍ മാര്‍ട്ടിനെസും ഗോള്‍ നേടി. ഇത്തവണ മെസിയുടേതായിരുന്നു അസിസ്റ്റ്. ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ മെസിയുടെ തന്നെ അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരസും വലകുലുക്കി. സ്‌കോര്‍ 3-0. അര്‍ജന്റീന ആധികാരികമായി മുന്നിലെത്തി.

രണ്ടാം പകുതിയുടെ 69-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരക്കാരനായി എത്തിയ തിയാഗോ അല്‍മാഡയുടെ ഗോള്‍ പിറന്നു. ബൊളീവിയക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം നേടുന്ന അര്‍ജന്റീനയെയാണ് തുടര്‍ന്നുള്ള മിനിറ്റുകളില്‍ കണ്ടത്. അവസാന മിനുറ്റുകളില്‍ കളംനിറഞ്ഞ മെസ്സി 84-ാം മിനിറ്റിലും 86-ാം മിനിറ്റിലും വലകുലുക്കിയതോടെ താരം ഹാട്രിക് നേട്ടത്തിലേക്ക്. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരക്ക് നടന്ന ഈ മത്സര വിജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ ഒന്നാംസ്ഥാനം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ അര്‍ജന്റീനക്കായി. പത്ത് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുകളാണ് അര്‍ജന്റീനക്കുള്ളത്. നവംബര്‍ 15ന് പരാഗ്വായുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more