1 GBP = 106.23

പമ്പിന് അനുമതി തരാന്‍ നവീന്‍ ബാബു 98,500 രൂപ കൈക്കൂലി വാങ്ങി, മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു; സംരംഭകന്‍

പമ്പിന് അനുമതി തരാന്‍ നവീന്‍ ബാബു 98,500 രൂപ കൈക്കൂലി വാങ്ങി, മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു; സംരംഭകന്‍

കണ്ണൂര്‍: ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്ന് സംരംഭകന്‍ പ്രശാന്ത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംരംഭകന്‍ പറഞ്ഞു.

ക്വാട്ടേഴ്‌സില്‍ വെച്ചാണ് പണം നല്‍കിയത്. ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു.

‘പെട്രോള്‍ പമ്പിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് മാസമായി കളക്ട്രേറ്റില്‍ കയറി ഇറങ്ങുകയായിരുന്നു. ഒബിസി സംവരണത്തിലാണ് എനിക്ക് പെട്രോള്‍ പമ്പ് ലഭിച്ചത്. രേഖകളെല്ലാം ക്ലിയര്‍ ആയിരുന്നു. ആഴ്ച്ചയില്‍ രണ്ട് ദിവസം വെച്ച് എഡിഎമ്മിനെ കാണാന്‍ പോകുമായിരുന്നു. ഫയല്‍ പഠിക്കട്ടെയെന്നായിരുന്നു നിരന്തരം മറുപടി നല്‍കിയത്. നാല് മാസം കഴിഞ്ഞപ്പോള്‍, സാറിന് തരാന്‍ പറ്റില്ലെങ്കില്‍ പറ്റില്ലായെന്ന് പറഞ്ഞോളൂ, ബാക്കി വഴി ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ എഡിഎമ്മുമായി സംസാരിച്ച് തീരുമാനം ആക്കിത്തരണമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ അഞ്ചാം തിയ്യതി വൈകുന്നേരം എഡിഎമ്മിനെ കാണാന്‍ പോയി. നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തു. വിളിക്കാം എന്ന് പറഞ്ഞു. ഞായറാഴ്ച്ച രാവിലെ 11 മണിക്ക് എന്നെ വിളിച്ചു. കണ്ണൂരിലേക്ക് വരാന്‍ പറഞ്ഞു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ കൃഷ്ണമേനോന്‍ കോളേജിന്റെ അടുത്തെത്തി വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. അവിടെയെത്തി വിളിച്ചപ്പോള്‍ ക്വാട്ടേഴ്‌സിലേക്ക് പോകാമെന്ന് പറഞ്ഞു.

ക്വാട്ടേഴ്സില്‍ എത്തിയപ്പോള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഒരു തരത്തിലും എന്‍ഒസി ലഭിക്കില്ലെന്ന് പറഞ്ഞു. കിട്ടാത്ത രീതിയില്‍ ആക്കിയിട്ടേ ഇവിടുന്ന് പോകൂവെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ കുറച്ചുപൈസ സംഘടിപ്പിച്ച് കൊടുത്തു. വിളിച്ചുസംസാരിച്ചതിന്റെ തെളിവുകള്‍ എന്റെ പക്കല്‍ ഉണ്ട്. പൈസ ചോദിക്കുന്നതിന്റെ തെളിവ് ഇല്ല. അത് നേരിട്ട് ചോദിച്ചതാണ്’, പ്രശാന്ത് പ്രതികരിച്ചു.

ചൊവ്വാഴ്ച്ചയാണ് എന്‍ഒസി അനുവദിച്ച് ഫയല്‍ ഒപ്പിട്ട് തന്നത്. അതിന് ശേഷമാണ് താന്‍ പിപി ദിവ്യയോട് പമ്പിന് അനുമതി ലഭിച്ച വിവരം അറിയിച്ചത്. ഒപ്പം തന്നോട് പണം വാങ്ങിയ കാര്യവും പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതികൊടുക്കണം എന്നാണ് ദിവ്യ പറഞ്ഞത്. ഇമെയില്‍ ആയി പരാതി അയച്ചു. 98,500 രൂപയാണ് നവീനിന് കൊടുത്തത്. ക്യാഷ് ആയി തന്നെ വേണം എന്ന് പറഞ്ഞു. ക്വാട്ടേഴ്‌സില്‍ വരണം എന്നത് മാത്രമാണ് ശബ്ദരേഖയില്‍ ഉള്ളതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more