മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ നിന്ന് പച്ചപ്പ് നിറഞ്ഞ അന്റാർട്ടിക്കയിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല. കാലാവസ്ഥ വ്യതിയാനത്താൽ ഇപ്പോൾ മഞ്ഞുമലയിൽ ചെറിയ സസ്യജാലങ്ങൾ ഉണ്ടാകുന്നതായി എക്സീറ്റർ,ഹാർട്ട്ഫോർഡ് എന്നീ സർവകലാശാലകളും, ബ്രിട്ടീഷ് ആന്റാർട്ടിക് സർവേയും ചേർന്ന് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.
1986-ൽ അന്റാർട്ടിക്ക പെനിൻസുലയിൽ 0.4 ചതുരശ്ര കിലോമീറ്റർ പച്ചപ്പാണുണ്ടായിരുന്നത്, എന്നാൽ 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ വളർച്ചാ നിരക്കിൽ 30 % -ത്തിലധികം വർദ്ധനവ് ഉണ്ടായതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുള്ള കാരണമായി പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ പച്ചപ്പ് 10 മടങ്ങ് വര്ധിച്ചതായാണ് കണക്ക് .ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമായ അന്റാർട്ടിക്കയിൽ സമീപകാലത്ത് കഠിനമായ വേനലാണ് അനുഭവപ്പെട്ടിരിക്കുന്നത്.
2022 മാർച്ചിൽ, താപനില സാധാരണയേക്കാൾ 70 ഡിഗ്രി വരെ എത്തുകയും പിന്നീട് ജൂലൈ പകുതി മുതൽ ഭൂഖണ്ഡത്തിൻ്റെ ചില ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ 50 ഡിഗ്രി ഫാരൻഹീറ്റായി ഉയരുകയും ചെയ്തു. കണക്കുകൾ പ്രകാരം ഏറ്റവും തീവ്രമായ താപനില വ്യതിയാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് . മലിനീകരണം, ഓസോൺ പാളികളുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ ഭൂമിയിൽ ചൂട് കൂടുകയും പിന്നീടത് അന്റാർട്ടിക്കയിലെ താപനില കൂട്ടുന്നതിന് കാരണമാകുകയും ചെയ്തു.
പായൽ വിഭാഗത്തിൽപ്പെട്ട സസ്യങ്ങളാണ് ഇപ്പോള്‍ ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത് എന്നാൽ ലൈക്കണുകൾ, പുല്ലുകൾ, പച്ച, ചുവപ്പ് മഞ്ഞ് ആൽഗകൾ എന്നിവയും ഇവിടെ ഉണ്ടാകാം എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. സസ്യങ്ങളുടെ വളർച്ച പതുക്കെയാണെങ്കിലും അത് ഉണ്ടാക്കുന്ന വർദ്ധനവ് ആശങ്കയായി മാറിയിരിക്കുകയാണ് .അന്‍റാർട്ടിക്കയിലെ മണ്ണ്, സസ്യജാലങ്ങൾക്ക് വളരാൻ സാധിക്കുന്നത്ര ഗുണമില്ലാത്തതാണെങ്കിലും സസ്യജാലങ്ങളുടെ ഇപ്പോഴത്തെ വളർച്ച മണ്ണിലേക്ക് കൂടുതൽ ജൈവ വസ്തുക്കൾ ഉണ്ടാകുന്നതിന് കാരണമാകുകയും ഇത് സസ്യങ്ങൾക്ക് വളരാൻ സാധിക്കുന്ന തരത്തിലുള്ള മണ്ണ് ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാക്കുന്നുവെന്നും ഗവേഷകർ പറയുന്നു . അന്‍റാർട്ടിക്കയിലെ ഹരിതവൽക്കരണ പ്രക്രിയകളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നതാണ് നിലവിലെ പഠനം വ്യക്തമാക്കുന്നത്. അന്‍റാർട്ടിക്കയുടെ ഭാവി ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
click on malayalam character to switch languages