1 GBP = 107.59

ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ട്രംപ്

ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ഡോണൾഡ് ട്രംപ്. നോർത്ത് കരോളിനയി​ലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഡോണൾഡ് ട്രംപിന്റെ പരാമർശം. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിന് വിരുദ്ധമാണ് ട്രംപിന്റെ പ്രതികരണം.

പ്രചാരണപരിപാടിയിൽ ഇറാനെ കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ ചോദ്യം. ഇറാന്റെ ആണ​വകേന്ദ്രങ്ങളെ ആക്രമിക്കുകയാണ് ഇപ്പോൾ നിങ്ങൾക്ക് വേണ്ടതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് എതിരായ നിലപാട് സ്വീകരിക്കുമ്പോഴാണ് ട്രംപ് ഇതിനെ അനുകൂലിക്കുന്നത്.

ഇക്കാര്യത്തിൽ ബൈഡന്റെ നിലപാട് തെറ്റാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷിയാണ് നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ ആക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

ഇറാൻ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇസ്രായേലുമായി തിരിച്ചടി സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരവും ബൈഡൻ സ്ഥിരീകരിച്ചു. ജി7 രാജ്യങ്ങളുമായും യു.എസ് ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു. ഇസ്രായേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അത് ഏത് രീതിയിൽ വേണമെന്നത് സംബന്ധിച്ചാണ് ചർച്ചകളെന്ന സൂചനയും ബൈഡൻ നൽകിയിരുന്നു.

ഇ​സ്രായേലിന് നേരെ 180ഓളം മിസൈലുകൾ ഇറാൻ അയച്ചിരുന്നു. മിസൈലുകൾ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ, ഹിസ്ബുല്ലയുടെ നേതാവ് ഹസൻ നസ്റുല്ല, ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്പ് കമാൻഡൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോർഷൻ എന്നിവരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more