1 GBP = 106.79
breaking news

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; മേഖല യുദ്ധമുഖത്തേക്ക്; തിരിച്ചടിക്കുമെന്ന് ഇസ്രായേൽ

ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; മേഖല യുദ്ധമുഖത്തേക്ക്; തിരിച്ചടിക്കുമെന്ന് ഇസ്രായേൽ

ജറുസലം: തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം. 200ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്.

ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടി. ഇസ്രായേൽ സേന തന്നെയാണ് മിസൈൽ ആക്രമണം സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനു നേരെ മിസൈൽ അക്രമണം നടത്തിയതായി ഇറാന്‍റെ റവലൂഷനറി ഗാർഡും സ്ഥിരീകരിച്ചു.

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. തെൽ അവീവിൽ സുരക്ഷ മന്ത്രിസഭ അടിയന്തര യോഗം ചേരുകയാണ്. തിരിച്ചടിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടത്.

ഇറാന്‍റെ ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനില്‍ കര ആക്രമണം തുടങ്ങിയതായി ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇതിനിടെ തെൽ അവീവിലെ ജാഫയിൽ നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കാനും ഇസ്രായേലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തെക്കൻ ലബനാനിൽ ചെറിയ ദൂരത്തേക്ക് ഇസ്രായേൽ കരസേന കടന്നുകയറിയത്. പരിമിതവും പ്രാദേശികവും ചില കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ളതുമാണ് സൈനിക നീക്കമെന്ന വിശദീകരണത്തോടെയാണ് ലബനാനിൽ പുതിയ യുദ്ധമുഖം തുറന്ന് കരയുദ്ധം ആരംഭിച്ചത്.

ഇതിന്‍റെ ഭാഗമായി തെക്കൻ ബൈറൂത്തിലെ 30 ഗ്രാമങ്ങളിലുള്ളവർ വീടുവിട്ട് വടക്കൻ ലബനാനിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ കരസേന ഇതുവരെ ലബനാൻ അതിർത്തി കടന്നിട്ടില്ലെന്നും എത്തിയാൽ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവർത്തിച്ചു.

കരയുദ്ധത്തിനൊപ്പം ചൊവ്വാഴ്ച ലബനാനിലുടനീളം വ്യാപക വ്യോമാക്രമണവും ഇസ്രായേൽ നടത്തി. തലസ്ഥാന നഗരമായ ബൈറൂത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തെക്കൻ ലബനാനിലെ ഐനുൽ ഹിൽവയിൽ നിരവധി പേർ തിങ്ങിപ്പാർക്കുന്ന ഫലസ്തീനി അഭയാർഥി ക്യാമ്പ് ബോംബിങ്ങിൽ നിലംപൊത്തി.

ഇവിടെ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. 10 ലക്ഷത്തിലേറെ പേർ ഇതിനകം നാടുവിട്ടതായും രാജ്യം ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലബനാൻ പ്രധാനമന്ത്രി നജീബ് മീഖാതി പറഞ്ഞു.

ഇസ്രായേൽ സൈനിക നീക്കത്തിന് തിരിച്ചടിയായി തെൽ അവീവിൽ ഹിസ്ബുല്ലയും ആക്രമണം നടത്തി. മൊസാദ് ആസ്ഥാനത്തിനു നേരെ ഫാദി-4 റോക്കറ്റുകൾ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. മറ്റൊരു രഹസ്യാന്വേഷണ വിഭാഗമായ യൂനിറ്റ് 8200ന്‍റെ ആസ്ഥാനത്തിനു നേരെയും ആക്രമണമുണ്ടായി. ഇതേക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. തെൽ അവീവിന് സമീപം കഫർ ഖാസിമിൽ റോക്കറ്റ് വീണ് റോഡ് തകർന്നു. അപ്പർ ഗലീലി മേഖലയിൽ 15ഓളം റോക്കറ്റുകൾ പതിച്ചതായും ഇസ്രായേൽ സ്ഥിരീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more