1 GBP = 106.75
breaking news

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 14) വൈതരണികള്‍

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 14) വൈതരണികള്‍

14- വൈതരണികള്‍

നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്‍റെ ദൈവം നിന്‍റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു’ എന്നും ‘കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍; നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല’ എന്നും പറയുന്നു. ‘ഞാന്‍ നിന്‍റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക’ എന്നു ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
-എബ്രായര്‍ക്ക് എഴുതിയ ലേഖനം, അധ്യായം 1

പാര്‍ക്കിലെ തണുത്ത കാറ്റില്‍ സൂര്യന്‍റെ നിറത്തിന് മങ്ങലേറ്റു.
മരചുവട്ടിലെ നിഴലുകള്‍ മണ്‍മറഞ്ഞു.
ചക്രവാളവും സൂര്യനും ഇണചേര്‍ന്ന് സ്വര്‍ണ്ണമഞ്ചത്തില്‍ കിടന്നു.
കൂട്ടമായിരുന്ന പ്രാവുകള്‍ ആകാശത്തിന്‍റെ അതിരുകളിലേയ്ക്ക് പറന്നു.
വിശാലമായ പാര്‍ക്കിന്‍റെ ഒരു ഭാഗത്ത് കുട്ടികള്‍ പന്ത് കളിക്കുന്നതും നോക്കി സീസ്സര്‍ നിശ്ശബ്ദനായി നിമിഷങ്ങള്‍ നിന്നു.
പപ്പയെ കണ്ട ലിന്‍ഡ ആശ്ചര്യപ്പെട്ടു.
അവള്‍ അവിടേക്കു വന്ന ആളിനെ മമ്മിക്ക് പരിചയപ്പെടുത്തി.
“മമ്മി ദേ മമ്മിയെ കാണാന്‍ ഒരാള്‍ വരുന്നു.”
സ്റ്റെല്ല തിരിഞ്ഞു നോക്കി. അവളുടെ ഉയര്‍ന്ന നെറ്റിത്തടം ഒന്നുകൂടി ഉയര്‍ന്നു. രണ്ടുപേരും ഒരാഴ്ചയായി പരസ്പരം സംസ്സാരിച്ചിട്ട്. സീസ്സര്‍ ആഹാരം ഹോട്ടലില്‍നിന്ന് കഴിച്ചിട്ടാണ് വരുന്നത്. കിടക്കുന്നതിന് മുന്‍പ് മോളുമായി കുശലാന്വോഷണങ്ങള്‍ നടത്തി താഴത്തേ കള്ളുഷാപ്പിലേയ്ക്കു പോയി ആവശ്യത്തിലധികം മദ്യം കുടിച്ച് കട്ടിലില്‍ വന്ന് മലര്‍ന്നു കിടന്നുറങ്ങും. സ്റ്റെല്ലയാകട്ടെ, മകനൊപ്പം അടുത്ത മുറിയിലും കിടന്നുറങ്ങും.
സ്റ്റെല്ല കണ്ട ഭാവം കാണിക്കാതെ ബെഞ്ചില്‍ തന്നെയിരുന്നു. സീസ്സര്‍ ഭാര്യയെ കാണാനുള്ള ആഗ്രഹത്തില്‍ വന്നതൊന്നുമല്ല. മനസ്സില്‍ ഒരു സ്വസ്തത ഇല്ലാത്തതിനാല്‍ ഒരല്പം തണുത്ത കാറ്റില്‍ വിശ്രമിക്കാന്‍ വന്നതാണ്. ബെഞ്ചിന്‍റെ ഒരു ഭാഗത്തായി അകന്നിരുന്നു. ലിന്‍ഡ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.
“അല്ലാ…. ഞാനേ… ഇ… ഇവിടെ നില്ക്കുന്നതില്‍ നിങ്ങള്‍ക്ക്”
സ്റ്റെല്ല നീരസത്തോടെ പറഞ്ഞു.
“പോടീ…”
സീസ്സര്‍ അനങ്ങാതെയിരുന്നു. ഭാര്യക്ക് ഇപ്പോഴും വെറുപ്പുണ്ടെന്ന് തോന്നുന്നു. അതാണല്ലോ തന്നോട് സംസ്സാരിക്കാന്‍ താത്പര്യമില്ലാത്തത്. ഹെലനുമായുള്ള തന്‍റെ ബന്ധം അറിഞ്ഞാല്‍ എന്നെ കാണാന്‍ പോലും ഇഷ്ടപ്പെടില്ലെന്നറിയാം. ഇവളുടെ മനസ്സ് ഇങ്ങനെ കല്ലുപോലെയാകാന്‍ കത്തനാരെപ്പോലെ രാത്രിയില്‍ വല്ല ദര്‍ശനവും കണ്ടോ?
“മമ്മി ഞാനന്തിന് പോണം. രണ്ടുപേര്‍ക്കും അന്‍പതിനടുത്തായി. ഇനീം ഈ പ്രായത്തിലും പ്രേമിക്കണോ? അതിനു മനസ്സുണ്ടായിരുന്നെങ്കില്‍ ഒരാഴ്ചയായി നിങ്ങള്‍ ഇങ്ങനെ മിണ്ടാതെയിരിക്കുമോ?”
അവളുടെ കൈക്കൊരു തട്ട് കൊടുത്തിട്ട് സീസ്സര്‍ ചോദിച്ചു.
“നിനക്ക് മറ്റൊന്നും പറയാനില്ലേ?”
“എനിക്ക് പറയാനുള്ളത് മനുഷ്യരെ സ്നേഹിക്കുന്ന കാര്യമാ. അല്ലേ നിങ്ങള്‍ പിണങ്ങി ഇരുന്നാല്‍ എനിക്കെന്താ. പക്ഷേ ഒരു കാര്യം, നിങ്ങളില്‍ ആരാണ് ആദ്യം മിണ്ടി ഈ പിണക്കസമരം അവസാനിപ്പിക്കുന്നതെന്ന് എനിക്കൊന്ന് കാണണം. അതിനാ ഞാന്‍ കാത്തിരിക്കുന്നേ? നിങ്ങളില്‍ നിന്നല്ലേ ഇതൊക്കെ പഠിക്കേണ്ടത്. ശരിയല്ലേ സ്റ്റെല്ലാ.”
“ഉം നീ പഠിക്കും”
സ്റ്റെല്ല പറഞ്ഞു.
“സത്യം പറയാമല്ലോ. നിങ്ങളുടെ പിണക്കം കാണാന്‍ നല്ല രസമാ. ഇതിങ്ങനെ തുടരെട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.”
“നിനക്കൊന്ന് പോകാമോ?”
സ്റ്റെല്ല ദേഷ്യപ്പെട്ടു. ലിന്‍ഡയുടെ മുഖത്ത് വിവിധ വികാരങ്ങള്‍ നിഴലിച്ചു. തെല്ല് ലജ്ജയോടെ ചോദിച്ചു.
“ഞാന്‍ പോകണം അല്ലേ. ഇതങ്ങ് നേരത്തെ പറഞ്ഞാല്‍ പോരായിരുന്നോ, എന്‍റെ സ്റ്റെല്ലാ ഓകെ. ഓക്കെ പ്രണയിച്ചോ ഞാനങ്ങ് പോണു.”
അവള്‍ പന്തു കളിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നു. പന്തുകളിക്കാന്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു. മകളുടെ വാക്കുകള്‍ ഒരല്പം കുസൃതിച്ചിരി സീസ്സറിലും സ്റ്റെല്ലയിലുമുണ്ടാക്കി. സ്റ്റെല്ലയുടെ പുഞ്ചിരി നിറഞ്ഞ കണ്ണുകളിലേയ്ക്ക് സീസ്സര്‍ നിമിഷങ്ങള്‍ നോക്കി. ആ നോട്ടം അവളെ ആകര്‍ഷിച്ചു. രണ്ടുപേര്‍ക്കും സംസാരിക്കണമെന്നുണ്ട്. ആരാണ് ആദ്യം, അതാണ് ഇപ്പോഴത്തെ പ്രശ്നം.
തണുത്ത കാറ്റ് അവരിലേയ്ക്ക് ആഞ്ഞടിച്ചു. പാര്‍ക്കിലെ വഴിയോരങ്ങളിലൂടെ ചിലര്‍ നായ്ക്കളുമായി കളിക്കുന്നുണ്ട്. പിണങ്ങി കഴിയുന്നതില്‍ സ്റ്റെല്ലക്ക് വിഷമമുണ്ട്. മകന്‍റെ കാര്യത്തില്‍ നേര്‍ക്ക് നേര്‍ സംസാരിച്ചിട്ടുണ്ട്. എനിക്കെന്‍റെ കുഞ്ഞിന്‍റെ ജീവനും ജീവതവുമാണ് വലുത്. അവനെ കുറ്റപ്പെടുത്താനും വേദനിപ്പിക്കാനും ഇനിയും ഞാന്‍ അനുവദിക്കില്ല. നീണ്ട നാളുകള്‍ ഭര്‍ത്താവിനോടുള്ള വിദ്വോഷം ഉള്ളിലിരുന്ന് പുകയുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് എന്‍റെ ഉറച്ച തീരുമാനം തുറന്നു പറഞ്ഞത്. പ്രതികരിക്കാന്‍ തന്‍റേടമില്ലാഞ്ഞിട്ടല്ല, ഏഴ് എഴുപതുവെട്ടം ക്ഷമിക്കാനാണ് ഈശോ പറഞ്ഞിരിക്കുന്നത്.
സീസ്സര്‍ എഴുന്നേറ്റ് അവളുടെ അടുത്തിരുന്നു. അവളുടെ വലതുകരം സ്പര്‍ശിച്ചു. അവരുടെ ഉള്ളില്‍ കത്തിനിന്ന പിണക്കം അണഞ്ഞു. അവളുടെ മനസ്സിന് ഒരാശ്വാസം തോന്നി. ആ തോളിലേയ്ക്കവള്‍ ചാഞ്ഞു. മകള്‍ നോക്കിയിരിക്കയാണ് ആരാണ് ആദ്യം സംസാരിക്കുന്നതെന്നു കാണാന്‍. അതറിഞ്ഞിട്ടു വേണം അവള്‍ക്ക് പന്തം കൊളുത്തി കളിയാക്കാന്‍.
പാര്‍ക്കില്‍ ആവേശത്തോടെ പന്തുകളി നടക്കുന്നു. പന്തിന് പിറകെയോടിയ ജോബിന് പന്ത് കിട്ടാതെ വന്നപ്പോള്‍ അവന്‍ തളര്‍ന്നിരുന്നു. അവനെ തട്ടി മറ്റൊരു കുട്ടി മറിയുകയും ചെയ്തു. അവന്‍റെ വീഴ്ച കണ്ടവന്‍ ചിരിച്ചു. ലിന്‍ഡ ഓടിയെത്തി. അവനെ പിടിച്ചേഴുന്നേല്‍പ്പിച്ചിട്ട് പറഞ്ഞു.
“എടാ ഇരിക്കാതെ എഴുന്നേക്ക്. നീ ഗോളടിക്കണം. പ്ലീസ് കം ഡിയര്‍.”
അവള്‍ ആംഗ്യഭാഷയില്‍ കൈചൂണ്ടി പറഞ്ഞു.
“അ….ആ…ബോ….”
“എടാ അവന്മാരെടെ കാലില്‍ നിന്ന് ബോള് സ്വന്തമാക്കണം. നീ വാ. ആയാം വിത്ത് യൂ.”
അവര്‍ പന്തിന് പിറകെയോടി. നല്ല കളിക്കാരുടെ കാല്‍ക്കീഴില്‍ നിന്നു പന്ത് തട്ടിമാറ്റി വെട്ടിച്ച് ഗോള്‍ പോസ്റ്റിലേക്കോടി. ഇടയ്ക്കവള്‍ ‘ജോ’ എന്ന് വിളിച്ച് പന്ത് അടിച്ചുകൊടുക്കും. മറ്റുള്ളവര്‍ക്ക് അതൊരു വിസ്മയക്കാഴ്ചയായിരുന്നു. അവളുടെ പന്തുകളിയെക്കാള്‍ ശരീരഭംഗിയാണ് പലരെയും ആകര്‍ഷിച്ചത്.
ജോ ഇടയ്ക്ക് ‘ച്ചേ…ചേ..’ എന്നുച്ചത്തില്‍ ചേച്ചിയെ വിളിച്ച് പന്ത് തരാന്‍ ആവശ്യപ്പെട്ടു. സാധാരണ പന്ത് കളിക്കാന്‍ വരുമ്പോഴൊക്കെ അവനൊരു മണ്ടന്‍ കളിക്കാരന്‍ എന്നാണ് മറ്റുള്ളവര്‍ ധരിച്ചുവെച്ചത്. ഇടക്കവന്‍ പന്ത് കൈയിലെടുത്ത് ഗോള്‍ പോസ്റ്റിലേക്കോടി എറിയുന്നത് കാണുമ്പോള്‍ മണ്ടന്‍ ശിരോമണി എന്ന് പറഞ്ഞവര്‍ ചിരിക്കും. ഇന്നവന്‍ തിളങ്ങാനുണ്ടായ കാരണം അവന്‍റെ ചേച്ചിയാണ്. അവള്‍ വല്ലപ്പോഴുമോ വരാറുള്ളൂ. അപ്പോഴൊക്കെ അവന് ശക്തി പകര്‍ന്ന് അവളുണ്ടാകും.
അവരുടെ കളി സ്റ്റെല്ലയും സീസറും സാകൂതം നോക്കിയിരുന്നു. ലിന്‍ഡയാകട്ടെ, ജോയെക്കൊണ്ടു ഗോളടിപ്പിക്കണമെന്ന വാശിയിലാണ് രണ്ട് ടീമുകളും ഇതുവരെ ഗോളടിച്ചിട്ടില്ല. അതിരറ്റ ആവേശത്തോടെ ജോബിന് പന്ത് കൊടുത്തിട്ടവള്‍ അലറി.
“അടിക്കടാ.. അടിക്കടാ… മോനെ….”
അവന്‍റെ ഉന്നം പിഴച്ചില്ല. വായുവേഗത്തില്‍ പന്ത് ഗോള്‍ പോസ്റ്റില്‍ വീണു. എല്ലാവരും അന്ധാളിച്ചു നിന്നു. ലിന്‍ഡ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. മറ്റ് കളിക്കാരും ഓടിയെത്തി. അവനെ അഭിനന്ദിച്ചു.
സീസ്സറും സ്റ്റെല്ലയും ബെഞ്ചില്‍ നിന്നെഴുന്നേറ്റ് കൈയ്യടിച്ചു. എന്നും കണ്ണിലെ കരടായി തോന്നിയ മകന്‍റെ കഴിവില്‍ സീസ്സര്‍ സന്തോഷിച്ചു. അവരുടെ കൈകള്‍ വായുവിലുയര്‍ത്തി അവനെ അഭിനന്ദനമറിയിച്ചു.
അവര്‍ക്കൊപ്പം ലൂയിസുണ്ടായിരുന്നു. ആഴ്ചയിലൊരു ദിവസം ജോബിനെ പിയാനോ പഠിപ്പിക്കാന്‍ ജയിന്‍ വരാറുണ്ട്. രാവിലെ ജോലിയുണ്ടായതിനാല്‍ പള്ളിയില്‍ പോകാന്‍ കഴിഞ്ഞില്ല. ലിന്‍ഡയുമായി ഫോണില്‍ സംസാരിക്കാനും കഴിഞ്ഞില്ല. ലൂയിസിനെ വീട്ടില്‍ വരുത്തി മകനെ സംഗീതം പഠിപ്പിക്കുന്നതില്‍ സീസ്സറിന് തീരെ താത്പര്യമില്ലെങ്കിലും സ്റ്റെല്ലയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഭര്‍ത്താവിന് സമ്പത്തുണ്ടാക്കണം, മറ്റുള്ളവരുടെ മുന്നില്‍ കേമനെന്ന് കാണിക്കണമെന്നല്ലാതെ സംഗീതവും സാഹിത്യവും എന്തെന്നറിയണമെന്നില്ല. ഈസ്റ്റ്ഹാമിലെ ലൈബ്രറിയില്‍ പോയി മലയാള പുസ്തകങ്ങള്‍ വാങ്ങി വായിക്കുമ്പോള്‍ അത് കണ്ടിരിക്കാനേ ഭര്‍ത്താവിനറിയൂ. ഒരു പുസ്തകം പോലും വായിക്കാത്ത ആള്‍ക്കാര്‍ക്ക് എങ്ങനെ അറിവുണ്ടാകാനാണ്.
പന്ത് കളി കഴിഞ്ഞ് തളര്‍ന്ന് അവശരായി ജോബും ലിന്‍ഡയുമെത്തി. അവരെല്ലാം അവനെ അഭിനന്ദിച്ചു. പപ്പ അവന്‍റെ കൈയ്ക്ക് പിടിച്ച് അഭിനന്ദനമറിയിച്ചപ്പോള്‍ അവനത് വിശ്വസിക്കാനായില്ല. ലിന്‍ഡയുടെ കണ്ണ് ലൂയിസിന്‍റെ നേരേ തിരിഞ്ഞു.
“നീ എപ്പോള്‍ വന്നു.”
അവന്‍ സന്തോഷത്തോടെ പറഞ്ഞു.
“കുറച്ചുനേരമായി”
ഇവള്‍ പന്ത് കളിയില്‍ ഇത്ര മിടുക്കിയെന്ന് അറിഞ്ഞിരുന്നില്ല.
“ഇയാള്‍ ഇനിയും വരുമ്പോഴണ്ടല്ലോ, കളി കാണാനല്ല വരേണ്ടത്. കളിക്കാനുള്ള വേഷത്തില്‍ വരണം.” “ഓ സമ്മതിച്ചേ. വീട്ടില്‍ ആരെയും കണ്ടില്ല. നിങ്ങള്‍ ഞായറാഴ്ച വൈകിട്ട് ഇവിടെ കാണുമെന്ന് തോന്നി. വഴിതെറ്റി വന്നതാ”
അവന്‍റ കണ്ണുകള്‍ അവളുടെ വേഷത്തിലും വടിവൊത്ത ശരീരത്തിലും ഇഴഞ്ഞു. വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അവര്‍ പിറകെയാണ് നടന്നത്. മുടി കാറ്റില്‍ പറന്നു അവന്‍റെ കണ്ണുകള്‍ എന്തോ ഒക്കെ ആഗ്രഹിക്കുന്നുണ്ട്. ചുണ്ടുമര്‍ത്തി ആംഗ്യത്തില്‍ ചോദിച്ചു.
“ഒരുമ്മ താടി.”
അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ കണ്ണുരുട്ടി കാണിച്ചു.
എല്ലാവരും വീട്ടിലെത്തി. ലിന്‍ഡയും ജോബും അവരവരുടെ മുറികളിലേക്കു പോയി, കുളിമുറിയില്‍ കയറി കതകടച്ചു. സ്റ്റെല്ല സീസ്സറിനും ലൂയിസിനും ചായയും പലഹാരങ്ങളും കൊടുത്തു. ചായ കുടിച്ചിട്ട് ലൂയിസ് പിയാനോയുടെ മുന്നിലേയ്ക്ക് ചെന്ന് അതില്‍ വിരലുകളോടിച്ചു. ഏതോ ഒരു ഗാനം അതില്‍ നിന്നുയര്‍ന്നു. സീസ്സര്‍ കിടപ്പു മുറിയിലേക്ക് പോയി.
കുളി കഴിഞ്ഞെത്തിയ മക്കള്‍ ചായയും പലഹാരങ്ങളും കഴിച്ചിട്ട് അവന്‍റെ അടുത്ത് പോയിരുന്നു.
കൂട്ടത്തില്‍ സ്റ്റെല്ലയുമുണ്ടായിരുന്നു.
ദൈവത്തെ സ്തുതിക്കുന്ന ഒരു ഗാനം മേഘങ്ങളില്‍ നിന്നിറങ്ങി വരുന്ന പ്രാവിനെപ്പോലെ അവരുടെ കണ്‍കാതുകളില്‍ പതിഞ്ഞു. വീട്ടില്‍ വരുമ്പോഴൊക്കെ ചിട്ടപ്പെടുത്തിയ പാട്ടുകളില്‍ ഏതെങ്കിലുമൊന്ന് പാടിയിട്ടാണ് ലൂയിസ് പഠനമാരംഭിക്കുന്നത്.
അകത്ത് സീസ്സര്‍ ആരുമായോ ഫോണില്‍ സംസ്സാരിക്കുന്നത് കേള്‍ക്കാം. സ്റ്റെല്ല എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി. മണവാട്ടി മണവാളനെ നോക്കുന്നതുപോലെ ലിന്‍ഡ അവനെ നോക്കിയിരുന്നു. പഠിപ്പിക്കുന്ന സമയം അവളെ നോക്കുവാന്‍ പോലും അവന്‍ ഇഷ്ടപ്പെടാറില്ല. അവന്‍ ജോബിനെ പഠിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുന്നു.
അവള്‍ നെടുവീര്‍പ്പുകളിട്ടു.
അവനൊന്ന് നോക്കിയിരുന്നെങ്കില്‍…. അല്ല മമ്മി പോയത് അവന്‍ കണ്ടില്ലേ?
അവളൊന്ന് മുരടനാക്കിയപ്പോള്‍ അവന്‍ കാക്കയെപ്പോലെ തല ചരിച്ചൊന്നു നോക്കി.
“എടോ സംഗീതവാദ്ധ്യരേ. ഈ പഠിപ്പിക്കുന്ന മെതേഡേ അത്ര ശരിയല്ല. അവനെ ഈ കസേരയിലിരുത്തി വാദ്ധ്യാര് അവന്‍റെ കസേരയിലിരിക്ക്. മോനേ നീ എഴുന്നേറ്റേ.” അവന്‍ എഴുന്നേറ്റു, ഒപ്പം ലൂയിസും.
“വാദ്ധ്യാര് അവിടെ നില്‍ക്ക്, ആദ്യം അവന്‍ ഇരിക്കട്ടെ”
ജോബും കസേരയിലിരുന്നു. ലൂയിസ് അവന്‍റെ പിറകിലൂടെ വന്നപ്പോള്‍ പെട്ടെന്നവള്‍ കെട്ടിപ്പിടിച്ചൊരു ചുംബനം കൊടുത്തു. അതവനെ ഭയപ്പെടുത്തി. പെട്ടെന്നവളെ അകറ്റി.
“ഇപ്പോള്‍ മനസ്സിലായോ എങ്ങനെയാ പഠിപ്പിക്കേണ്ടതെന്ന്.”
അവന്‍ കൈക്കൂപ്പി പറഞ്ഞു.
“പ്ലീസ് നീയൊന്ന് പോ.”
“എന്താടാ, ഞാനിവിടെ നിന്നാല്‍ നിനക്ക് സംഗീതം വരില്ലേ?”
“നീ ഇവിടെ നിന്നാല്‍ ശരിയാവില്ല. പോയില്ലെങ്കില്‍ ഞാന്‍ മമ്മിയെ വിളിക്കും.”
“നീ മമ്മിയെ വിളിച്ചാല്‍ ഞാന്‍ പപ്പായെ വിളിക്കും. ഞാന്‍ കാണിച്ചത് നീയെന്ന് പറയും. പപ്പാടെ സ്വഭാവം അറിയാല്ലോ. വിളിക്കണോ?”
അത്രയും കേട്ടപ്പോഴെക്കും അവന്‍റെ മുഖം മങ്ങി. അവള്‍ വിളിക്കില്ലെന്ന് തീര്‍ത്തും പറയാനാവില്ല. വാശിക്കും വീറിനും ഒട്ടും കുറഞ്ഞവളല്ല.
“എന്‍റെ പൊന്ന് ലിന്‍ഡയല്ലേ. പറയുന്നത് കേക്ക്.””അങ്ങനെ വഴിക്ക് വാ. നല്ല പൊന്നല്ലേ. പഠിപ്പിച്ചോ?”
പോകുന്നതിന് മുന്‍പായി കണ്ണുവെട്ടിച്ച് അവനെയൊന്ന് സ്റ്റൈടിക്കാനും അവള്‍ മറന്നില്ല.
അവര്‍ വീണ്ടും സംഗീതത്തില്‍ മുഴുകി.
അന്ന് രാത്രി വീടിനുള്ളിലെ കള്ളു ഷാപ്പിലിരുന്ന് സീസ്സര്‍ മദ്യം കഴിച്ചു.
ആരെയും കൂട്ടിന് വിളിച്ചില്ല.
കത്തനാരുമായുള്ള കൂടിക്കാഴ്ച മനസ്സിനേറ്റ ഏറ്റവും വലിയ മുറിവായിരുന്നു.
ആ സംഭവം മനസ്സില്‍ മായാതെ ഉറഞ്ഞുകിടന്നു.
സ്വയം പിറുപിറുത്തു.
ആത്മദര്‍ശനം, സുന്ദരിയായ ഹേരോദ്യ, സുന്ദരിയായ ഹെലന്‍, മകള്‍ നൃത്തം ചവുട്ടി യോഹന്നാന്‍റെ തല താലത്തില്‍ വേണമെന്ന് മകളോട് ആവശ്യപ്പെട്ടത്.
ഇവിടെ എന്നെ ഹെലന്‍ പ്രസാദിപ്പിച്ചതിന് ഞാനെന്താണ് കൊടുക്കേണ്ടത്, കത്തനാരുടെ തല അറുത്തെടുക്കാനാവില്ല.
സ്നേഹിക്കുന്നവര്‍ക്കായി തലയറുത്തു കൊടുക്കാന്‍ മടിയില്ല.
അവള്‍ ഫോണില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇയാളെ ഇവിടുന്ന് നാടു കടത്തണമെന്നാണ്.
സീസ്സര്‍ മുറിക്കുള്ളിലെത്തി.
ഭാര്യയും മക്കളും ഗാഢ നിദ്രയില്‍. ഉറങ്ങാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.
കത്തനാരുടെ നിഴല്‍ രൂപം ഒരു പിശാചിനെപ്പോലെ മുന്നില്‍ തെളിയുന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. മൊബൈല്‍ നമ്പരില്‍ വിരലുകളോടിച്ചു.
കേരളത്തിലെ വന്ദ്യപിതാവിന്‍റെ ശബ്ദത്തിനായി കാതോര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more