1 GBP = 108.96
breaking news

ഊഞ്ഞാലും, പുലികളിയും, ഘോഷയാത്രയും, സദ്യയും: ഗൃഹാതുര ഓണമാഘോഷിച്ച് ഇപ്സ്വിച്ച് മലയാളികൾ

ഊഞ്ഞാലും, പുലികളിയും, ഘോഷയാത്രയും, സദ്യയും: ഗൃഹാതുര ഓണമാഘോഷിച്ച് ഇപ്സ്വിച്ച് മലയാളികൾ

അപ്പച്ചൻ കണ്ണഞ്ചിറ

ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ കേരളാ കൾച്ചറൽ ആസ്സോസിയേഷന്റെ നേതൃത്വത്തിൽ ഇപ്സ്വിച്ചിലെ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗൃഹാതുര സ്മരണകളുണർത്തുന്നതായി. മനോഹരമായ പൂക്കളവും, തൂശനിലയിൽ വിളമ്പിയ 26 വിഭവങ്ങളടങ്ങിയ ഓണസദ്യയും, ആകർഷകമായ പുലിക്കളിയോടൊപ്പം, വർണ്ണാഭമായ ഘോഷയാത്രയും, വാശിയേറിയ വടംവലിയും, കലാവിരുന്നും, ഊഞ്ഞാലാട്ടവും അടക്കം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തിയ തകർപ്പൻ ഓണാഘോഷമാണ് ഇപ്സ്വിച്ചിലെ മലയാളികൾ ആസ്വദിച്ചത്. ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയ മുഖ്യ ആകർഷകമായ ഊഞ്ഞാലാട്ടം പ്രായഭേദമന്യേ ഏവരും ഏറെ ആസ്വദിച്ചു.

താളമേളങ്ങളുടേയും, പുലിക്കളിയുടേയും,താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അലംകൃത വീഥിയിലൂടെ മഹാബലിയെ വരവേറ്റു നടത്തിയ പ്രൗഢഗംഭീരമായ ഓണം ഘോഷയാത്രയും, തുടർന്ന് നടന്ന വാശിയേറിയ വടംവലി മത്സരവും, തിരുവാതിരയും അഘോഷത്തിനു മാറ്റ് കൂട്ടി. നന്ദൻ ശൈലിയിൽ തൂശനിലയിൽ തന്നെ വിളമ്പിയ രണ്ട് തരം പായസമടക്കം ഇരുപത്തിയാറ് കൂട്ടം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. കാണികളെ ആവോളം രസിപ്പിച്ച മലയാളി ‘മാരൻ – മങ്ക’ മത്സരത്തിൽ പ്രായഭേദമന്യേ ആളുകൾ പങ്കുചേർന്നു.

കെസിഎയുടെ ഓണാഘോഷത്തിൽ ഇപ്സ്വിച്ച് മേയർ കൗൺസിലർ കെ. ഇളവളകൻ മുഖ്യാതിഥിയായി. ഘോഷയാത്രയും തിരുവാതിരയും ഓണപ്പൂക്കളവും ആസ്വദിച്ച മേയർ തൂശനിലയിൽ ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്. കെസിഎയിലെ കുട്ടികളുടെ ആകര്‍ഷകമായ കലാപരിപാടികളോടൊപ്പം, യുവഗായകരായ ഹരിഗോവിന്ദും രജിതയും ചേർന്നൊരുക്കിയ ‘സംഗീത വിരുന്നും’ പരിപാടിക്ക് മിഴിവേകി.

കെസിഎ പ്രസിഡൻ്റ് വിനോദ് ജോസ്, വൈസ് പ്രസിഡൻ്റ് ഡെറിക്, സെക്രട്ടറി ജിജു ജേക്കബ്, ജോയിൻ സെക്രെട്ടറി വിത്സൻ, ട്രഷറർ നജിം, പിആർഓ സാം ജോൺ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more