കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച ‘സംരഭക വര്‍ഷം’ പദ്ധതി വഴി രണ്ടര വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി വഴി പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിലെ വ്യാവസായിക രംഗം സമാനതകളില്ലാത്ത കുതിപ്പ് തുടരുമ്പോള്‍ ഇതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒരു പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്താരംഭിച്ച ‘സംരംഭക വര്‍ഷം’ ആണെന്നത് അഭിമാനകരമായ കാര്യമാണ്. കേവലം കേരളത്തില്‍ സംരംഭകവര്‍ഷം പദ്ധതിയിലൂടെ രണ്ടര വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍ നമുക്ക് ആരംഭിക്കാന്‍ സാധിച്ചു. അതില്‍ തന്നെ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണ്. വ്യവസായ നയം ലക്ഷ്യമിടുന്നതുപോലെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മാനുഫാക്ചറിങ്ങ് സംരംഭങ്ങളും സംരംഭക വര്‍ഷത്തിലൂടെ കേരളത്തില്‍ ആരംഭിച്ചു.
സംരംഭക വര്‍ഷം പദ്ധതി 2022ല്‍ ആരംഭിക്കുമ്പോള്‍ 1 വര്‍ഷം കൊണ്ട് 1 ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനൊക്കെ കേരളത്തില്‍ സാധിക്കുമോ എന്ന സംശയമായിരുന്നു ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രകടിപ്പിച്ചത്. മാധ്യമങ്ങളും മറ്റനവധി പേരും പ്രഖ്യാപനത്തിനപ്പുറം ഈ പദ്ധതി എത്രമാത്രം വിജയകരമാകുമെന്ന ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യ വര്‍ഷം മാത്രമല്ല രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം കേരളം കൈവരിച്ചു. സംരംഭക വര്‍ഷം ആരംഭിച്ച് രണ്ടര വര്‍ഷമാകുന്ന ഘട്ടത്തില്‍ ഇന്നലെവരെയായി 2,92,167 സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. ഇതിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ കടന്നുവന്നു. 6,22,512 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. 3 ലക്ഷം സംരംഭങ്ങളെന്ന നേട്ടം കൈവരിക്കാന്‍ പോകുന്ന സംരംഭകവര്‍ഷം പദ്ധതിയെക്കുറിച്ചും ഇതിന്റെ വിജയത്തിനായി സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും കൂടുതല്‍ എഴുതുന്നതാണ്. നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ്.
നമുക്ക് മുന്നേറാം, സര്‍ക്കാര്‍ കൂടെയുണ്ട്.
click on malayalam character to switch languages