1 GBP = 106.56
breaking news

‘അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല’, ഞങ്ങൾ ലഹരി ഉപയോഗിക്കാറുണ്ട്’; ശ്രീകുട്ടിയുടെ മൊഴി

‘അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല’, ഞങ്ങൾ ലഹരി ഉപയോഗിക്കാറുണ്ട്’; ശ്രീകുട്ടിയുടെ മൊഴി

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങൾ . അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഡോക്ടർ ശ്രീക്കുട്ടിയുടെ മൊഴി. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മൽ പരിചയപ്പെട്ടതെന്ന് ഡോക്ടർ ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകി. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട് പണവും സ്വർണ്ണവും നൽകിയത് അജ്മൽ ആവശ്യപ്പെട്ട പ്രകാരമാണെന്നുമാണ് ശ്രീകുട്ടിയുടെ മൊഴി.

ഭയം കൊണ്ടാണ് താൻ വാഹനവുമായി രക്ഷപ്പെട്ടതെന്ന് അജ്മൽ പൊലീസിനോട് പറഞ്ഞു. പിൻതുടർന്നവരിൽ ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അജ്മലിന്റെ മൊഴി. പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസ് ലഭിച്ചു. ഇതോടെ പ്രതികളുടെ രക്തസാമ്പിളുകളിൽ രാസ ലഹരി സാന്നിധ്യം കണ്ടെത്താനും പരിശോധന നടത്തും.

അതേസമയം ഡോക്ടർ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്നതിലും അന്വേഷണം ആരംഭിച്ചു. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നുമാണ് പോലീസ് വിവരങ്ങൾ തേടുക. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ടും ആരോഗ്യ വകുപ്പിന് പോലീസ് ഉടൻ കൈമാറും. ശ്രീക്കുട്ടി ജോലി ചെയ്ത ആശുപത്രിയിലെ സ്ഥിരം സന്ദർശകനായിരുന്നു അജ്മലെന്നും പൊലീസ് വിവരം ലഭിച്ചു. അതിനിടെ അജ്മലിൻ്റെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും. ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കേസില്‍ ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more