ഷിരൂര്‍: ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് തീരത്ത് എത്തിച്ചത്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും. പാലങ്ങള്‍ തടസമായുള്ളതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക. കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെഡ്ജര്‍ വെസല്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്.
ഡ്രഡ്ജര്‍ എത്തുന്നതോടെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഉടന്‍ ആരംഭിക്കാന്‍ സാധിക്കും. നാളെ പുലര്‍ച്ചെയോടെ തന്നെ ഡ്രഡ്ജര്‍ ഷിരൂരിലെത്തുമെന്നാണ് വിവരം. കാലാവസ്ഥയും അനുകൂലമായത് തിരച്ചിലിന് ഗുണമാകും. ഇന്നലെ പുലര്‍ച്ചെയാണ് ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് കാര്‍വാറിലേക്ക് പുറപ്പെട്ടത്.
ഷിരൂര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, എസ് പി എം നാരായണ, ഡ്രഡ്ജര്‍ അധികൃതര്‍ എന്നിവര്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും തിരച്ചില്‍ എപ്പോള്‍ ആരംഭിക്കുമെന്ന് തീരുമാനിക്കുന്നത്. തിരച്ചിലിന് ഈശ്വര്‍ മാല്‍പെയുടെ അടക്കം സഹായം തേടണോ എന്നതിലും യോഗത്തില്‍ തീരുമാനമുണ്ടാകും.
നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും ആദ്യഘട്ട തിരച്ചില്‍ നടത്തുക എന്നാണ് വിവരം. ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനി കണക്കു കൂട്ടുന്നത്. അര്‍ജുന്റെ കുടുംബവും ലോറി ഉടമയും വരും ദിവസങ്ങളില്‍ ഷിരൂരില്‍ എത്തും.
ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു.
click on malayalam character to switch languages