1 GBP = 106.56
breaking news

കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം: ഏലക്ക കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടി, പ്രതി പിടിയിൽ

കൂടുതല്‍ പണം നല്‍കാമെന്ന് വാഗ്ദാനം: ഏലക്ക കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടി, പ്രതി പിടിയിൽ

ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ കർഷകരിൽ നിന്ന് കോടിക്കണക്കിന് ഏലക്ക സംഭരിച്ച് പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീർ (42) ആണ് പിടിയിലായത്. അവധിക്കച്ചവടത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.1400-ഓളം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇയാളെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.

അടിമാലി എസ്ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ബലം പ്രയോ​ഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2023 ഒക്ടോബറിലാണ് ഇയാൾ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കർഷകരിൽനിന്ന് ഏലം സംഭരിച്ച് തുടങ്ങിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ ​ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 30-40 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞായിരുന്നു ഏലക്ക വാങ്ങിയിരുന്നത്. ഏകദേശം ഏഴ് മാസത്തിന് മുമ്പാണ് എൻ ഗ്രീൻ ഇന്റർനാഷണൽ ഹൈറേഞ്ചിൽ ഏലക്ക സംഭരണവുമായി രംഗത്ത് എത്തിയത്. ഓരോ സ്ഥലങ്ങളിലും കമ്മീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെയും ഇയാൾ ഏർപ്പെടുത്തിയിരുന്നു.

കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരുമാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഏലക്ക സംഭരിച്ചത്. ആദ്യ രണ്ടുമാസം കൂടുതൽ തുകയും നൽകി. ഇതോടെയാണ് കർഷകർ കൂട്ടത്തോടെ സെന്ററിൽ ഏലക്ക എത്തിച്ചു തുടങ്ങി. പിന്നീട് ഏൽക്ക നൽകുമ്പോൾ രസീത് മാത്രമായിരുന്നു നൽകിയിരുന്നത്. ഇതുമായി വന്നാൽ പണം നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു. ഏലക്ക ലഭിച്ച് കഴിഞ്ഞപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു.

പണത്തിനായി ഇയാളെ വിളിച്ചപ്പോൾ പണം നൽകാമെന്ന് വാട്സാപ്പ് സന്ദേശം മാത്രമായിരുന്നു ലഭിച്ചിരുന്നത്. പണം കിട്ടാതെ വന്നതോടെ കർഷകർ മുഹമ്മദ് നസീറിനെതിരെ പൊലീസിൽ പരാതി നൽകി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്. അടിമാലി പൊലീസ് സ്റ്റേഷനിൽ മാത്രം 32 പരാതികളാണ് ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more