1 GBP = 105.67
breaking news

ജയിൽവാസമില്ല, നേരെ തൂക്കിലേറ്റും; ബംഗാളിൽ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പാക്കി ‘അപരാജിത ബിൽ’

ജയിൽവാസമില്ല, നേരെ തൂക്കിലേറ്റും; ബംഗാളിൽ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പാക്കി ‘അപരാജിത ബിൽ’

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കുളള ശിക്ഷാനടപടികൾ കടുപ്പിച്ചിരിക്കുകയാണ് ബംഗാൾ സർക്കാർ. വിവിധ വകുപ്പുകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ‘അപരാജിത’ ബിൽ കഴിഞ്ഞ ദിവസം ബംഗാൾ നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയിരുന്നു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെയാണ് പ്രതികൾക്ക് ഈ ബിൽ ഉറപ്പുവരുത്തുന്നത്. എന്താണ് ബില്ലിലുള്ളതെന്ന് വിശദമായി നോക്കാം.

ഭാരതീയ ന്യായ സംഹിതയിൽ നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ടാണ് ഈ ബിൽ അവതരിപ്പിക്കപ്പെട്ടത്. ബിഎൻഎസിലെ 64-ാം വകുപ്പ്, ലൈംഗികാതിക്രമക്കേസിലെ പ്രതിയ്ക്ക് 10 വർഷത്തെ തടവുശിക്ഷയോ ജീവപര്യന്തമോ ആണ് പരമാവധി ശിക്ഷയായി പറയുന്നത്. എന്നാൽ ‘അപരാജിത’ ബില്ലിൽ അവയ്ക്ക് പകരമായി, വധശിക്ഷയും പിഴയും തന്നെ ശുപാർശ ചെയ്യുന്നു. കൂടാതെ, ഈ പിഴത്തുക അതിജീവിതയുടെ ചികിത്സയ്ക്കും പുനരുജ്ജീവനത്തിനുമായി ചിലവിടണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

ബിഎൻഎസിലെ 66-ാം വകുപ്പും ഇത്തരത്തിൽ ബംഗാൾ സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്. കേന്ദ്രനിയമത്തിൽ 20 വർഷം കഠിനതടവാണ് ശിക്ഷയെങ്കിൽ ഇവിടെയും വധശിക്ഷയിൽ കുറഞ്ഞതൊന്നും പാടില്ലെന്നാണ് ബംഗാൾ സർക്കാർ പാസ്സാക്കിയ ബില്ലിൽ ഉള്ളത്. കൂട്ടബലാത്സംഗത്തിനുള്ള ശിക്ഷകളെക്കുറിച്ച് പറയുന്ന 70-ാം വകുപ്പിലെ 20 വർഷ കഠിന തടവെന്ന ശിക്ഷ എടുത്തുമാറ്റി വധശിക്ഷ തന്നെയാണ് ബംഗാൾ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

ഇരയുടെ വ്യക്തിത്വം പുറത്തുവിട്ടാലും ഇനി ശിക്ഷ കടുക്കും. ഭാരതീയ ന്യായ സംഹിതയിൽ പരമാവധി രണ്ട് വർഷത്തെ തടവുശിക്ഷ എന്നതിൽ ഭേദഗതി വരുത്തി മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയാണ് ‘അപരാജിത’ ബില്ലിൽ പറയുന്നത്. ഇവയ്ക്കെല്ലാം പുറമെ പോക്സോ കേസിലും ശിക്ഷ കടുപ്പിച്ചിരിക്കുകയാണ്. ലൈംഗികാതിക്രമ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും നിയമത്തിലുണ്ട്.

ബംഗാൾ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് നിയമം പാസ്സാക്കിയതെങ്കിലും ഗവർണറുടെയും രാഷ്ട്രപതിയുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ അവ നടപ്പിൽ വരുത്താനാകൂ. നിയമവ്യവസ്ഥകൾ ‘കൺകറൻ്റ് ലിസ്റ്റിൽ’ പെട്ടവ ആയതിനാൽ രാഷ്ട്രപതി കേന്ദ്രസർക്കാരിന്റെ അഭിപ്രായവും ആരാഞ്ഞേക്കാം. നേരത്തെ മഹാരാഷ്ട്ര സർക്കാരും തെലങ്കാന സർക്കാരും ഇത്തരം കുറ്റകൃത്യങ്ങളിൽ പരമാവധി വധശിക്ഷ തന്നെ ഉറപ്പാക്കി നിയമനിർമാണം നടത്തിയിരിക്കുന്നു, എന്നാൽ അവയ്ക്ക് ഇനിയും രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more