വാഷിങ്ടൺ: 23 വർഷം മുമ്പ് ഇതുപോലൊരു ദിനത്തിലായിരുന്നു അമേരിക്കയും ഒപ്പം ലോകം മുഴുവനും നടുങ്ങിയ ആ ഭീകരാക്രമണങ്ങൾ നടന്നത്. റാഞ്ചിയ നാല് വിമാനങ്ങളിലേറി 19 അൽഖാഇദ ഭീകരർ രാജ്യത്തിന്റെ അഭിമാന കേന്ദ്രങ്ങളിൽ ഇടിച്ചിറങ്ങിയപ്പോൾ അമേരിക്കയുടെയും ഒപ്പം, ലോകത്തുടനീളം ദശലക്ഷങ്ങളുടെയും വിധിയാണ് ഒറ്റനാളിൽ മാറ്റിയെഴുതപ്പെട്ടത്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നായ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലും യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണിലും ഒപ്പം പെൻസൽവേനിയയിലെ ഗ്രാമീണ മേഖലയിലുമായി മൂന്നിടങ്ങളിൽ ഏകദേശം ഒരേ സമയത്ത് നടന്ന ഭീകരാക്രമണങ്ങൾ ജീവനെടുത്തത് 2977 പേരുടെ. ആയിരങ്ങൾക്ക് പരിക്കേറ്റു. തൊട്ടുപിറകെ, യു.എസ് തുടക്കമിട്ട ‘ഭീകരതക്കെതിരായ ആഗോള യുദ്ധം’ ആദ്യം അഫ്ഗാനിസ്താനിലും പിന്നെ ഇറാഖിലുമടക്കം അധിനിവേശങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. ലോകത്ത് ആരും ചോദ്യം ചെയ്യാനില്ലാതെ ഈ രണ്ട് രാജ്യങ്ങളിലും മറ്റു പലയിടങ്ങളിലും ലക്ഷങ്ങളെ അമേരിക്ക നേതൃത്വം നൽകിയ സഖ്യസേന കൊന്നൊടുക്കി.
രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കൻ പങ്കാളിത്തം കൂടുതൽ സജീവമാക്കിയ പേൾ ഹാർബർ ആക്രമണത്തിനുശേഷം രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ആക്രമണമായിരുന്നു 2001 സെപ്റ്റംബർ 11ലേത്. അൽഖാഇദക്ക് അഭയം നൽകിയ അഫ്ഗാനിസ്ഥാനിൽ ഉടൻ ആക്രമണവുമായി ഇറങ്ങിയ യു.എസ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണ് അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ചത്. സദ്ദാം ഹുസൈനും ആക്രമണത്തിൽ പങ്കുണ്ടെന്ന തെറ്റായ ആരോപണം മുൻനിർത്തിയായിരുന്നു ഇറാഖിനുമേൽ ആക്രമണം. പിന്നീട്, കുറ്റസമ്മതമുണ്ടായെങ്കിലും രാജ്യം പിന്നീട് ഒരിക്കലും ഭരണ സുസ്ഥിരതയിലേക്ക് തിരിച്ചുവന്നില്ല. ഗ്വാണ്ടാനമോയും അബു ഗുറൈബുമടക്കം ലോകം മുഴുക്കെ സി.ഐ.എ നേതൃത്വം നൽകിയ തടവുതാവളങ്ങൾ ഭീകരതയെയും ഭീകരരെയും കുറിച്ച് കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. പശ്ചിമേഷ്യയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷങ്ങളിൽ സെപ്റ്റംബർ 11ന്റെ തുടർച്ച കൂടി ഒരു ഘടകമാണ്.
ഓരോ വർഷവും വേദനയും നടുക്കവും നിറയുന്ന ഓർമകളുമായി യു.എസും ഒപ്പം ലോകവും ഈ ദിനം അനുസ്മരിക്കുന്നു. കൊല്ലപ്പെട്ടവരുടെ പേരുകൾ വായിക്കൽ പ്രധാന ചടങ്ങായ മൂന്ന് വേദികളിലും യു.എസിലെ രാഷ്ട്രീയ നേതാക്കൾ എല്ലാ വർഷവും എത്താറുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറ്റവും ചൂടുപിടിച്ച ഈ വർഷം സ്ഥാനാർഥികളായ കമല ഹാരിസും ഡോണൾഡ് ട്രംപും ഇവിടെയെത്തുന്നുണ്ട്.
click on malayalam character to switch languages