1 GBP = 109.68

‘ഇതൊക്കെ നോക്കിയ പണ്ടേ വിട്ട സീനാണ്’; ഐഫോണ്‍ 16ലെ ക്യാമറ ബട്ടണ് പരിഹാസം!

‘ഇതൊക്കെ നോക്കിയ പണ്ടേ വിട്ട സീനാണ്’; ഐഫോണ്‍ 16ലെ ക്യാമറ ബട്ടണ് പരിഹാസം!

മാസങ്ങളായി ടെക് ലോകം കാത്തിരുന്ന ഇവന്‍റ്, ഒടുവില്‍ എ18 ചിപ്പിന്‍റെയും ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെയും കരുത്തില്‍ ഐഫോണ്‍ 16 സിരീസില്‍പ്പെട്ട നാല് ഫോണുകള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അവതരിപ്പിക്കുകയായിരുന്നു. ഏറെ പുതുമകള്‍ പുതിയ സ്മാര്‍ട്ട്ഫോണുകളിലുണ്ട് എന്ന് ആപ്പിള്‍ അവകാശപ്പെടുമ്പോഴും ട്രോളര്‍മാര്‍ അതൊന്നും ഗൗനിക്കാന്‍ ഒരുക്കമല്ല. 

ഐഫോണ്‍ 16 സിരീസ് ആപ്പിള്‍ അവതരിപ്പിച്ചപ്പോള്‍ പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടണാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്നായി അവതരിപ്പിച്ചത്. ഷോര്‍ട്ട്‌കട്ട് എന്ന രീതിയില്‍ ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രത്യേക ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍. പവര്‍ ബട്ടണിന് തൊട്ടുതാഴെയാണ് ക്യാമറ ബട്ടണിന്‍റെ സ്ഥാനം. ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ബട്ടണ്‍ വഴിയാകും. വളരെ ടച്ച് സെന്‍സിറ്റീവായ ബട്ടണില്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലേത് എന്ന പോലെ സാവധാനം അമര്‍ത്തി ഫോക്കസ് ചെയ്യാനും ശക്തമായി അമര്‍ത്തി ഫോട്ടോ എടുക്കാനും ഹോള്‍ഡ് ചെയ്ത് വീഡിയോ ചിത്രീകരിക്കാനും സാധിക്കും. ഇതിന് പുറമെ സൂം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഐഫോണ്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലെ ഗെയിം ചേഞ്ചറായിരിക്കും ഈ സംവിധാനം എന്നാണ് ആപ്പിള്‍ പറയുന്നത്.

വിഷ്വല്‍ ഇന്‍റലിജന്‍സ് സൗകര്യം വഴി ഇതേ ക്യാമറ കണ്‍ട്രോളിനെ ഗൂഗിള്‍ ലെന്‍സുമായി ബന്ധിപ്പിക്കുന്ന എഐ സംവിധാനം ഇതിലേക്ക് വരാനിരിക്കുന്നുമുണ്ട്. എന്നിരുന്നാലും ഐഫോണ്‍ 16 സിരീസിലെ ക്യാമറ ബട്ടണിനും ട്രോളര്‍മാരുടെ പരിഹാസമുണ്ട്. നോക്കിയയും സോണി എറിക്‌സണും നേരത്തെ പയറ്റി സീന്‍ വിട്ട ഐറ്റമാണീ ക്യാമറ ബട്ടണ്‍ എന്നാണ് ട്രോളുകള്‍. പേരിന് മാത്രമാണ് മാറ്റങ്ങളെന്നും ആന്‍ഡ്രോയ്ഡില്‍ പഴകി തഴമ്പിച്ച ഫീച്ചറുകളാണ് ആപ്പിള്‍ ഐഒഎസില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പലരും പരിഹസിക്കുന്നു. നോക്കിയ എന്‍73ല്‍ ക്യാമറ ബട്ടണ്‍ പണ്ടേയുണ്ട് എന്നാണ് പ്രധാന പരിഹാസം. എന്നാല്‍ മറ്റ് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലെ ക്യാമറ ബട്ടണ്‍ ഐഫോണ്‍ 16നേക്കാള്‍ ഗംഭീരമായിരുന്നോ എന്ന മറുചോദ്യവും എയറില്‍ സജീവം. ഇക്കാര്യത്തില്‍ ആപ്പിള്‍ പ്രോമികളും വിരുദ്ധരും തമ്മിലെ ശീതയുദ്ധം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more