1 GBP = 109.65

കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവം; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവം; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ


ഇടുക്കി കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ എസ്ഐയും സിപിഒ യും മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥി മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ കൂട്ടാർ സ്വദേശി ആസിഫിനെ കട്ടപ്പന എസ് ഐ സുനേഖ് പി ജെയിംസും സിപിഒ മനു പി ജോസും കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു.

സംഭവത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ് ഐ യെ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തിരുന്നു. അടുത്തമാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കട്ടപ്പന ഡിവൈഎസ്പിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

എപ്രില്‍ 25 നാണ് സസ്പെന്‍ഷനിടയാക്കിയ സംഭവം നടക്കുന്നത്. ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പേരും ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചുവെന്നു കാണിച്ച് പൊലീസ് മൂവർക്കുമെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇത് കള്ളകേസെന്നു കാട്ടി ആസിഫിന്‍റെ അമ്മ ഗവര്‍ണ്ണര്‍ക്കും ഡിജിപിക്കും പരാതി നല‍്കിയിരുന്നു. ഈ പരാതിയിലെ അന്വേഷണമാണ് വഴിത്തിരിവായത്. രണ്ടു ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയി. പുറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാൻ പൊലീസ് ജീപ്പ് കുറുകെ നിർത്തി. ഈ സമയം ബൈക്ക് പൊലീസ് വാഹനത്തിനു സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു. ഇതായിരുന്നു കട്ടപ്പന ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.

സംഭവം നടക്കുമ്പോൾ ആസിഫ് സ്ഥലത്തില്ലെന്നും സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വെച്ചും മർദിച്ചതായും അമ്മ പരാതിയിൽ പറഞ്ഞിരുന്നു. ആസിഫിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും തങ്ങൾക്കും മർദ്ദനമേറ്റെന്നും ഒപ്പമുണ്ടായിരുന്നവരും മൊഴി നല്‍കി. ഇതെ തുടർന്ന് കുറ്റക്കാരെന്ന് കണ്ട് എസ് ഐ സുനേഖിനെയും സിപിഒ മനുപി ജോസിനെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more